ഇടതുപക്ഷത്തിനെതിരെ രാഹുല്‍ പറയാത്തതിന് പിന്നില്‍ ബുദ്ധിപരമായ രാഷ്ട്രീയ തന്ത്രം

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കോട്ടം വരില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ ഇന്റേണല്‍ സര്‍വ്വേ ടീം വരെ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ സിപിഎമ്മില്‍ രാഹുല്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് രാഹുലിന്റെ നിലപാടുകള്‍ക്ക് പിന്നിലും. സ്ഥാനമാനങ്ങള്‍ മോഹിച്ച് ഇന്ത്യയിലുടനീളം തന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ പ്രവണത കാണിക്കാത്ത കൂട്ടര്‍ എന്ന രീതിയിലാണ്, സിപിഎം രാഹുലിന് പ്രതീക്ഷ നല്‍കുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.

മതേതരത്വമെന്ന വിഷയത്തില്‍ എല്ലാക്കാലത്തും കണിശമായ നിലപാടെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക മതേതര പാര്‍ട്ടി എന്നതിലുപരി വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന പരിചയത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. അതുതന്നെയാണ് കേരളത്തിലെ സിപിഎമ്മിനെപ്പറ്റി ഒരക്ഷരം പറയില്ല എന്ന രാഹുല്‍ നിലപാടിന് പിന്നിലും.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കോട്ടം വരില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ ഇന്റേണല്‍ സര്‍വ്വേ ടീം വരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നും അവര്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് രാഹുല്‍ വളരെ ബുദ്ധിപൂര്‍വ്വം ഇടതുപക്ഷത്തെ തള്ളിപ്പറയാതിരുന്നത്. അതൊരു തന്ത്രപരമായ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സിപിഎമ്മിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അതിനുള്ള വഴി ക്ലിയറാക്കി വെക്കുക എന്ന് സാരം.

ഒന്നാം യുപിഎ യില്‍ പ്രധാനമന്ത്രി സ്ഥാനവും നിരവധി മന്ത്രിസ്ഥാനങ്ങളും ഉള്‍പ്പെടെ വാഗ്ദാനമുണ്ടായിരുന്നിട്ടും മന്ത്രി സഭയില്‍ ചേരാതെ നാലു വര്‍ഷം മതേതര മുന്നണിയെ പിടിച്ചു നിര്‍ത്തിയ സിപിഎമ്മും ഇടതു മുന്നണിയും രാഹുലിന്റെ മനസ്സിലുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. അധികാര കസേരക്ക് വേണ്ടിയുള്ള വിലപേശല്‍ മാത്രം മുഖമുദ്രയായ ഡല്‍ഹി രാഷ്ട്രീയത്തില്‍ രാഹുലിന് കണ്ടു പരിചയമുള്ള ഒരു വ്യത്യസ്ത മുഖവും അത് മാത്രമായിരിക്കും.

കേരളത്തില്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തെ സീറ്റ് കിട്ടാന്‍ സാധ്യത ഇല്ലെന്നു മനസ്സിലാക്കിയാണ് രാഹുല്‍ ഗാന്ധി ,ഇടതു പക്ഷത്തെ തള്ളി പറയാതിരുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ മത്സരിക്കാതെ വിട്ടു നിന്നതും ഇടത് തരംഗം മനസ്സിലാക്കിതന്നെയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് ബിജെപി നിര്‍ത്തിയത് പോലെ, പേരിനു മാത്രം ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വേണുഗോപാലിനെ ബിജെപി സഹായിച്ചു എന്ന വിവാദം നില നിന്നിരുന്നു.

44000 വോട്ടുകള്‍ മാത്രമാണ് കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥി അവിടെ പിടിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തിനു മീതെ വോട്ടുള്ള ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിക്ക് അവിടെ നാല്പതിനാലായിരം വോട്ടുകള്‍ മാത്രം ലഭിച്ചത് അന്നേ ചര്‍ച്ചയായിരുന്നു. രാഹുലിനെ വിശ്വസ്തന്‍ ആയതോടെ ബിജെപി യുമായി അകല്‍ച്ചയായത് കൂടിയാണ് കെ സി യെ ആലപ്പുഴയില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണു എതിര്‍ ഗ്രൂപ്പില്‍ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ പറയുന്നത്.

ബിജെപി സ്വന്തം വോട്ട് കൃത്യമായി പിടിച്ചാല്‍ ഇടതുപക്ഷം വളരെ എളുപ്പത്തില്‍ ജയിക്കും എന്ന ഒരു അവസ്ഥയും ഇപ്പോള്‍ കേരളത്തിലുണ്ട്. കോണ്‍ഗ്രസ്സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ഇന്നലെയും ഇന്നുമായി വയനാട്ടില്‍ പ്രചാരണം നടത്തുമ്പോഴും ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാത്തത് കേരളത്തില്‍ നിന്നും യുഡിഎഫിന് അധികം സീറ്റ് ഉണ്ടാവില്ലെന്നും കൂടുതല്‍ സീറ്റ് ലഭിക്കുന്ന ഇടതുപക്ഷത്തെ,സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കൂടെ നിര്‍ത്തേണ്ടതുണ്ടെന്നും മനസ്സിലാക്കി തന്നെയാണ്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തുക വഴി കേരളത്തില്‍ തരംഗമുണ്ടാക്കാന്‍ കഴിയുമെന്നത് യുഡിഎഫിന്റെ വെറും തോന്നല്‍ മാത്രമായിരുന്നു എന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഇഫക്ട് ഉണ്ടെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ രാഹുല്‍ തരംഗമില്ല എന്നാണ് ഈ ഘട്ടത്തില്‍ ഭൂരിഭാഗം തെരഞ്ഞെടുപ്പ് സര്‍വേകളും പറയുന്നത്.

Exit mobile version