കാലാവധി നീട്ടണം; കസേരയില്‍ നിന്ന് ഇറങ്ങില്ല! മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് ഡയറക്ടര്‍ സ്ഥാനമൊഴിയാതെ ഉദ്യോഗസ്ഥന്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥന്റെ തന്നിഷ്ടം.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥന്റെ തന്നിഷ്ടം. കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ വൈദ്യുതി മന്ത്രി എംഎം മണി തള്ളിയിട്ടും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതേ തസ്തികയില്‍ തുടരുകയാണ്. വൈദ്യുതി വകുപ്പിന് കീഴിലുള്ള അനര്‍ട്ടിന്റെ ഡയറക്ടര്‍ പദവിയിലാണ് ഉദ്യോഗസ്ഥന്‍ അനങ്ങാതെ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഇതോടെ നിയമ നടപടിയിലേക്ക് നീങ്ങുകയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍.

2016 സെപ്തംബര്‍ 4നാണ് ഇദ്ദേഹത്തെ താത്കാലിക ഡയറക്ടറായി നിയമിച്ചത്. പിന്നീട് ഇത് ഒരുവര്‍ഷത്തേക്ക് നീട്ടികൊടുത്തു. ആ കാലാവധിയും ഈ വര്‍ഷം സെപ്തംബര്‍ നാലിന് അവസാനിച്ചു. കാലാവധി നീട്ടണമെന്ന അപേക്ഷയുമായി ഉദ്യോഗസ്ഥന്‍ ആഗസ്റ്റ് 13ന് മന്ത്രിയെ സമീപിച്ചെങ്കിലും അത് തള്ളി. നിയമനം വഴിവിട്ടായിരുന്നുവെന്ന പരാതിയുള്ളതും ഇദ്ദേഹം നേരത്തെ മേല്‍നോട്ടം വഹിച്ചിരുന്ന പദ്ധതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി അപേക്ഷ തള്ളിയത്.

എന്നാല്‍, കാലാവധി നീട്ടാനാവില്ലെന്ന മന്ത്രിയുടെ തീരുമാനത്തെ വെല്ലുവിളിച്ചാണ് ഇപ്പോഴും ഡയറക്ടര്‍ പദവിയില്‍ ഉദ്യോഗസ്ഥന്‍ തുടരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാക്കുന്ന നിയമനങ്ങളും പദ്ധതികളും തുടരെത്തുടരെ ഇദ്ദേഹം നടത്തുന്നുണ്ടെന്നാണ് ആരോപണം. ഇതിനെതിരെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. സമ്ബൂര്‍ണ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് 2016ല്‍ ഈ ഉദ്യോഗസ്ഥന്‍ അനര്‍ട്ടിന്റെ താല്‍ക്കാലിക ഡയറക്ടറായി എത്തുന്നത്.

അനര്‍ട്ടിലെ നടപടിച്ചട്ടങ്ങളനുസരിച്ച് എന്‍ജിനീയറിംഗ് ബിരുദവും പിഎച്ച്ഡിയുമാണ് ഡയറക്ടറുടെ നിയമനയോഗ്യത. പ്രായം 50ലേറെ ഉണ്ടായിരിക്കണം. 20 വര്‍ഷത്തില്‍ കുറയാത്ത അനുഭവപരിചയവും വേണം. മാത്രമല്ല ചീഫ് സെക്രട്ടറിയും വൈദ്യുതി സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനുമടങ്ങുന്ന പാനലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ ഈ കടമ്പകളൊന്നും കടക്കാതെയാണ് നിശ്ചിത യോഗ്യതകളില്ലാത്ത 46കാരനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത്.

Exit mobile version