പുല്‍വാമ രക്തസാക്ഷി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; സുരക്ഷാ ഏജന്‍സികള്‍ വിലക്കി

തിരുവനന്തപുരം: കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വയനാട് സന്ദര്‍ശിക്കാന്‍ അനുമതിയില്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി വസന്തകുമാറിന്റെ വീട് സന്ദര്‍ശനം ഉള്‍പ്പെട്ട രാഹുലിന്റെ വയനാട് യാത്ര കോണ്‍ഗ്രസ് റദ്ദാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് വയനാട് യാത്ര റദ്ദാക്കിയത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാനായാണ് രാഹുല്‍ കേരളത്തിലേക്ക് എത്തുന്നത്.

വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ മാവോയിസ്റ്റ്- പോലീസ് വെടിവെപ്പും അതിന് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് രാഹുലിന്റെ വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചതെന്നാണ് സൂചന.

മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തുന്ന രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീടും സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്.

Exit mobile version