കിഴക്കമ്പലം ഭരിക്കുന്ന ട്വന്റി-20 ചാലക്കുടിയില്‍ മത്സരത്തിനിറങ്ങിയേക്കും; കിറ്റെക്‌സ് എംഡി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മ ‘ട്വന്റി 20’ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. കിറ്റെക്‌സ് ഗാര്‍മെന്റ്സ് എംഡിയും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വന്റി 20-യോട് ഇരു മുന്നണികളും പുലര്‍ത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ച കിഴക്കമ്പലം സെന്റിനറി ഹാളില്‍ കൂടിയ 2200-ഓളം പ്രവര്‍ത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. വിശദ ചര്‍ച്ചയ്‌ക്കൊടുവിലാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വോട്ടുകള്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചത്.

പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് ട്വന്റി 20 കരുതുന്നുണ്ട്. ട്വന്റി 20-യെക്കുറിച്ച് അറിഞ്ഞിട്ടുള്ളവര്‍ ട്വന്റി 20-ക്ക് തന്നെ വോട്ട് നല്‍കുമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.

Exit mobile version