വിസമ്മത പത്രം നല്‍കാതിരുന്നാല്‍ എന്താണു സംഭവിക്കുക? സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍ വിസമ്മതം പത്രം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

സാലറി ചലഞ്ചിന്റെ ഉദ്ദേശം സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമില്ലെന്നും ഹൈക്കോടതി

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മത പത്രം നല്‍കാതിരുന്നാല്‍ എന്താണു സംഭവിക്കുക എന്നും താല്‍പര്യമുള്ളവരില്‍നിന്നു ശമ്പളം സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു. സാലറി ചലഞ്ച് വിഷയത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധബുദ്ധിയുണ്ടെന്ന കാര്യം പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

ഒരുമാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധിത പിരിവിനു സമാനമാണ്. പണമുണ്ടായിട്ടും മനഃപൂര്‍വം സംഭാവന നല്‍കാത്തവരെ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ സാലറി ചാലഞ്ചിനെതിരെ കേരള എന്‍ജിഒ സംഘ് സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. സാലറി ചലഞ്ചിലെ പങ്കാളിത്തം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ നീക്കമുണ്ടെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. ശമ്പളം നല്‍കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുണ്ടോ എന്നാണു പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു.

ദുരിതം അനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ജീവനക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നതു നല്‍കട്ടെ. ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുക്കണം. ഒരു മാസത്തെ ശമ്പളം വേണമെന്നു പറയുന്നതു ശരിയല്ല. എന്നാല്‍ സാലറി ചലഞ്ചിന്റെ ഉദ്ദേശം സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Exit mobile version