ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി; മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ ഒരു പ്രശ്നവുമില്ല: പ്രതികരിച്ച് പ്രകാശ് രാജ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച ‘ഫ്ളൈയിങ് കിസ്’ ആരോപണത്തിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്ന വാർത്താ ഏജൻസി എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ ്പ്രതികരിച്ചിരിക്കുന്നത്.

‘ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി, എന്നാൽ, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല’- എന്ന് പ്രകാശ് രാജ് വിമർശിച്ചു.

‘മുൻഗണനകൾ… ‘ഫ്ളൈയിങ് കിസ് മാഡം ജിയെ അലോസരപ്പെടുത്തി, എന്നാൽ മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല’- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞദിവസം പാർലമെന്റിൽ മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ച നടക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്. പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ പാർലമെന്റിൽ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താൻ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പ്രസംഗത്തിൽ പറഞ്ഞു.

പാർലമെന്റിൽ രാഹുലിന് ശേഷം സ്മൃതി ഇറാനിയാണ് പ്രസംഗിച്ചത്. അപ്പോഴാണ് അവർ ആരോപണം ഉന്നയിച്ചത്. രാഹുൽ ഗാന്ധിയ്ക്കെതിരേ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്.

ALSO READ- ‘തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കി’: രേഷ്മയുടെ കൊലപാതകത്തില്‍ പ്രതി

വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി പറഞ്ഞിരുന്നു.

ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ രാഹുൽ ഭരണപക്ഷ ബെഞ്ചുകളെ നോക്കി ‘ഫ്ളൈയിങ് കിസ് നൽകുന്നതിന്റെ ദൃശ്യം എന്നു കുറിച്ച് ബിജെപിയുടെ ഐടി വിഭാഗം മേധാവി അമിത് മാളവ്യ ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

എന്നാൽ, പ്രസംഗം അവസാനിപ്പിച്ച് മടങ്ങുന്നതിനുമുമ്പ് സൗഹാർദത്തോടെ യാത്ര പറയുകയായിരുന്നു രാഹുലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

Exit mobile version