ഇത് കേരളമാണ്, ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പൂറിലെ തമ്പുരാക്കന്മാരോട് ഇവിടെയുള്ള സംഘപുത്രന്മാര്‍ പറഞ്ഞുകൊടുക്കണം: ഡിവൈഎഫ്ഐ

സംസ്ഥാനത്തൊട്ടാകെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയ നേട്ടത്തിനായി ആഞ്ഞുപിടിക്കുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ സംസ്ഥാനധ്യക്ഷന്‍ എഎ റഹീം.

കൊച്ചി: ശബരിമല യുവതീപ്രവേശന വിധി വന്നതിനു പിന്നാലെ സംസ്ഥാനത്തൊട്ടാകെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയ നേട്ടത്തിനായി ആഞ്ഞുപിടിക്കുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ശബരിമലയെ കലാപഭൂമിയാക്കാനും പോലീസ് ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തുകയും ജാതിയും മതവും പറഞ്ഞ് അവഹേളിക്കുകയും ചെയ്ത് ആത്മവീര്യം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എഎ റഹീം പറയുന്നു.

മാധ്യമപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും ന്യായാധിപരെപ്പോലും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്ന ആര്‍എസ്എസ് രീതി കേരളത്തിലും ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതി ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഈ പൊതുസമൂഹത്തിന്റെ ബാധ്യതയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഉത്തരേന്ത്യയല്ല, ഇത് കേരളമാണ്. അവിടുത്തെ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പ്പൂറിലെ”തമ്പുരാക്കന്മാരോട്” ഇവിടെയുള്ള ”സംഘപുത്രന്മാര്‍” പറഞ്ഞുകൊടുക്കണമെന്നും എഎ റഹീം പറയുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഭീഷണി ഉത്തരേന്ത്യയില്‍ മതി. ഇത് കേരളമാണ്. ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.ഡ്യൂട്ടി ചെയ്ത ഐ ജി മനോജ് എബ്രഹാമില്‍ തുടങ്ങി ഇപ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് നേരെ വരെ എത്തി നില്‍ക്കുകയാണ് ഈ ഭീഷണി.
ഇത് ആര്‍എസ്എസ് ഉത്തരേന്ത്യയില്‍ വ്യാപകമായി സ്വീകരിച്ചു വരുന്ന രീതിയാണ്.വ്യാപം അഴിമതി അന്വഷിക്കാനിറങ്ങിയ മാധ്യമപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും സമാനതകളില്ലാത്ത വിധമാണ് ആര്‍എസ്എസ് വേട്ടയാടിയത്.ന്യായാധിപരെപ്പോലും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്ന ആര്‍എസ്എസ് രീതി കേരളത്തിലും ആവര്‍ത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.സോഷ്യല്‍ മീഡിയ വഴി സംഘടിതമായ ആക്രമണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മാധ്യപ്രവര്‍ത്തകര്‍ക്കെതിരെയും ഈ ദിവസങ്ങളില്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ നടത്തുന്നത്.
സംഘടിതമായി വ്യക്തിഹത്യ നടത്തിയും ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.വ്യക്തിഹത്യ നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.

ഉത്തരേന്ത്യയല്ല,ഇത് കേരളമാണ്. അവിടുത്തെ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പ്പൂറിലെ ”തമ്പുരാക്കന്മാരോട്” ഇവിടെയുള്ള ”സംഘപുത്രന്മാര്‍”
പറഞ്ഞുകൊടുക്കണം.

ഭീഷണിപ്പെടിത്തിയും കൊലവിളി നടത്തിയും ആത്മവീര്യം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്തോറും അക്രമിക്കപ്പെടുന്നവര്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ വര്‍ധിക്കുന്ന അനുഭവമാണ് കേരളത്തിലുള്ളത്.നിങ്ങള്‍ കാണരുതെന്ന് വിലക്കിയ ചലച്ചിത്രങ്ങളൊക്കെ മലായാളികള്‍ തിയറ്റര്‍ നിറഞ്ഞു ഹര്‍ഷാരവത്തോടെ വരവേറ്റു.ശരാശരി തമിഴ് ചിത്രമായ വിജയ് ചിത്രം ”മെര്‍സല്‍” ഒരു മെഗാഹിറ്റാക്കി
മാറിയതു നിങ്ങളുടെ ഭീഷണിയും വിലക്കും കൊണ്ട് മാത്രമാണ്.ബീഫ് കഴിച്ചാല്‍ കൊല്ലുമെന്ന് പറഞ്ഞ നിങ്ങളുടെ മുന്നില്‍ നിരന്നു നിന്ന് ബീഫ് കഴിച്ചവരാണ് മലയാളികള്‍.
ആദ്യം നട തുറന്ന ദിവസം നിലയ്ക്കലില്‍ പോലീസ് നടപടിക്ക് നേതൃത്വം നല്‍കിയ മനോജ് എബ്രഹാമിനെതിരെ മതം പറഞ്ഞു അക്രമം നടത്തിയത്,തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് നടപടി ദുര്ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.എന്നാല്‍ കൂടുതല്‍ ശക്തമായ നടപടികളുമായി പോലീസ് തുടര്‍ന്നും മുന്നോട്ട് പോകുകയാണ് ചെയ്തത്.ഇത് മാതൃകാപരമാണ്.
നിയമ വാഴ്ചയെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണ് ഈ ഭീഷണിപ്രയോഗം.ഒരിഞ്ചും പുറകോട്ട് പോകാന്‍ കേരളത്തിനാകില്ല.അക്രമിക്കപ്പെടുന്നവര്‍ക്ക് ആത്മവീര്യം പകരാന്‍ നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ട്.

Exit mobile version