ഈ ട്രാജഡി നാടക രംഗങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ല

മറ്റു നാടകങ്ങള്‍ക്ക് ടിക്കറ്റെടുത്ത് കയറിയവരും ഈ നാടകം കാണാന്‍ ബാധ്യസ്ഥരാണ്

എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കേസ് കാണുന്നത് ആദ്യമാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കൂടിയായ അമിക്കസ് ക്യൂറിയ്ക്ക് സുപ്രീം കോടതിയില്‍ വിതുമ്പിക്കരയേണ്ടി വന്നിരിക്കുന്നു. ഭരണകക്ഷിയായ ബിജെപിയിലെ എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗം ചെയ്യപ്പെടുന്നു. അച്ഛനെ എംഎല്‍എയുടെ അനുജനും ഗുണ്ടകളും ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നു. മര്‍ദ്ദനമേറ്റ അച്ഛനെ മറ്റൊരു കേസ് കെട്ടിച്ചമച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിക്കുന്നു. അച്ഛന് മര്‍ദ്ദനമേറ്റ് കേസിലെ സാക്ഷി അല്പ ദിവസം കഴിഞ്ഞ് മരിക്കുന്നു. കേസില്‍ അന്വേഷണം നടക്കുന്ന വിവരമറിയാമായിരുന്നിട്ടും അന്വേഷണ ഏജന്‍സികളെയൊന്നും അറിയിക്കാതെ ആ മൃതദേഹം മറവു ചെയ്യുന്നു.

ഒടുവില്‍ ബലാത്സംഗക്കേസ് വിചാരണക്കെടുക്കാറായപ്പോള്‍ നമ്പര്‍ മായ്ച്ചു കളഞ്ഞ ഒരു ട്രക്ക് വന്നിടിച്ച് പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നു. സുരക്ഷയ്ക്കായി നിയോഗിച്ചവര്‍ അപകട സമയത്ത് കൃത്യമായി മാറി നില്‍ക്കുന്നുണ്ട്. അവളും അഭിഭാഷകനും ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുന്ന അവസ്ഥയിലാവുന്നു. എല്ലാം കണ്ട് ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പരമോന്നത നീതിപീഠം ചോദിക്കുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവിലും റായ്ബറേലിയിലും രാജ്യ തലസ്ഥാനത്തുമൊക്കെയായിട്ടുള്ള ഈ സംഭവം അനേകം രംഗങ്ങളില്‍ ഒന്ന് മാത്രമാണ്.

ഇതിനിടയില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം കഴിച്ച മനുഷ്യരെ ആ ഭക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊല്ലുന്നുണ്ട്. മനുഷ്യന് കഴിക്കാന്‍ വല്ലതും കിട്ടിയോ എന്ന് നോക്കാത്ത ഭരണകൂടം കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ ആളെ തല്ലിക്കൊല്ലുന്നവര്‍ക്ക് വാരിക്കോരി പിന്തുണ നല്‍കുന്നുണ്ട്. കൊന്നവരേയും മര്‍ദ്ദിച്ചവരേയും വെറുതെ വിട്ട് മര്‍ദ്ദനമേറ്റവര്‍ക്കെതിരെ പശുക്കടത്തിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ജയ് ശ്രീരാം വിളികള്‍ കൊലവിളിയായി മാറരുതെന്ന് പറയുന്നവര്‍ക്കൊക്കെ ചന്ദ്രനിലേക്ക് ടിക്കറ്റെഴുതുന്നുമുണ്ട്.

പശുക്കൊല രാഷ്ട്രീയത്തിന് അകമ്പടിയായി പശുവിജ്ഞാനീയവും പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജുകളും വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളുമടക്കം ഇല്ലാതാക്കി ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും സര്‍വരോഗ സംഹാര ശേഷി കൊണ്ട് ജനസമൂഹത്തെ ചികിത്സിക്കുന്നതിനെക്കുറിച്ചാണ് മന്ത്രിമാരും എംപിമാരും അടക്കം ചര്‍ച്ച ചെയ്യുന്നത്. ഗോമൂത്രം കൊണ്ട് കാന്‍സര്‍ മാറിയെന്ന് ഒരു ജനപ്രതിനിധി കോടതിക്കു മുന്നില്‍ വരെ പറയുന്നു. നദിയിലെ വെള്ളം കുടിക്കുകയും അതിലെ കല്ല് പൊടിച്ചു തേയ്ക്കുകയുമൊക്കെ ചെയ്താല്‍ പ്രസവസംബന്ധമായ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് മറ്റൊരു ജനപ്രതിനിധി പാര്‍ലമെന്റില്‍ പറയുന്നു. ചന്ദ്രനിലേക്ക് ഗവേഷണ വാഹനം അയക്കുന്ന രാജ്യം പുഷ്പകവിമാനത്തെക്കുറിച്ച് പഠിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.

പക്ഷേ അതിലങ്ങനെ വിട്ടു തരാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് മറ്റൊരു കൂട്ടര്‍ രംഗത്ത് വന്നതാണ് ഇപ്പോള്‍ ഏക തടസ്സം. പുഷ്പക വിമാനം ഞങ്ങളുടേതാണെന്നും അയ്യായിരം വര്‍ഷം മുമ്പ് തന്നെ അത് പറപ്പിച്ച് ഇന്ത്യയില്‍ വന്ന് തിരിച്ചു പോന്നിട്ടുള്ള ഞങ്ങളുടെ രാവണനാണ് ആദ്യത്തെ വൈമാനികനെന്നും പ്രഖ്യാപിച്ചത് ശ്രീലങ്കയാണ്. ഇവിടെ ഗവേഷണം നടത്തണം എന്ന ആവശ്യവുമായി ചിലര്‍ മുന്നോട്ട് വന്നപ്പോള്‍ അവര്‍ ഗവേഷണത്തിനുള്ള ചുമതല സിവില്‍ വ്യോമയാന അതോറിറ്റിയെ ഏല്‍പ്പിച്ചു കഴിഞ്ഞു. രാവണനാണ് ആദ്യ വൈമാനികനെന്ന് അഞ്ച് വര്‍ഷത്തിനകം രേഖാമൂലം തെളിയിക്കുമെന്നാണ് ശ്രീലങ്ക പറയുന്നത്. ആധുനിക ശാസ്ത്ര യുഗത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ശാസ്ത്രീയ – വൈജ്ഞാനിക സംവാദത്തിന്റെ ഗതി നോക്കൂ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന ചൊല്ലു പോലെ കൊല്ലുന്ന വലിയ രാജ്യത്തിന് തിന്നുന്ന കൊച്ചു അയല്‍ രാജ്യം.

ഇത്തരം രംഗങ്ങള്‍ ഇവിടം കൊണ്ട് നില്‍ക്കില്ല. കാരണം സമാന്തരമായി മറ്റു ചില രംഗങ്ങള്‍ കൂടി പുരോഗമിക്കുന്നുണ്ട്. ഇതുവരെ ഭരണ കാര്യങ്ങള്‍ നേരിട്ട് നിയന്ത്രിക്കാന്‍ സംഘരിവാറിന്റെ നേതൃസ്ഥാനം കയ്യാളുന്ന ആര്‍എസ്എസ് തയ്യാറായിരുന്നില്ല. ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയായിരുന്നു ഇതുവരെ അതു കൈകാര്യം ചെയ്തിരുന്നത്. അവര്‍ ആര്‍എസ്എസ് അജണ്ട തന്നെയായിരുന്നു നടപ്പാക്കിയിരുന്നതെങ്കിലും അതിന് വേഗതയും ആത്മാര്‍ത്ഥതയും പോരെന്ന തോന്നലിലായിരിക്കണം ഇന്ത്യയുടെ ഭരണ നിര്‍വഹണത്തില്‍ നേരിട്ട് ഇടപെടാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. ബിജെപിയിലെ ആര്‍എസ്എസകാരായ എംപിമാരുടെ പ്രത്യേക യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുകയും ഒരു പ്രധാനപ്പെട്ട ആര്‍എസ്എസ് നേതാവു തന്നെ പങ്കെടുത്ത് പ്രവര്‍ത്തന പദ്ധതികള്‍ വിശദീരിക്കുകയും ചെയ്തു. ഇനിയും ഇത്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആര്‍എസ്എസ് നേരിട്ട് ഭരണം നിയന്ത്രിക്കും.

ഉദ്യോഗസ്ഥ തലത്തില്‍ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയും വിരമിച്ച ചിലര്‍ക്ക് ഉന്നത ഭരണഘടനാ സ്ഥാനങ്ങളിലെ നിയമനങ്ങള്‍ നല്‍കിയുമൊക്കെ എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും സ്വന്തം പക്ഷത്ത് നിര്‍ത്താനുള്ള മണ്ണ് അവര്‍ നേരത്തെ ഒരുക്കിയിട്ടുണ്ട്. ഇനി വേണ്ടത് ജനാധിപത്യത്തിലെ നാലാം തൂണ് എന്ന വിളിപ്പേരുള്ള മാധ്യമ മേഖലയിലെ സര്‍വാധിപത്യമാണ്. ഇപ്പോള്‍ തന്നെ രാജ്യത്തെ മാധ്യമങ്ങളില്‍ വലിയ ഒരു ഭാഗത്തെ സംഘപരിവാര്‍ അനുകൂലമാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വരും തലമുറയില്‍ അതിനാവശ്യമായ മാധ്യമ പ്രവര്‍ത്തകരെയും വാര്‍ത്തെടുക്കാന്‍ ഗുജറാത്തില്‍ ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ നേൃത്വത്തില്‍ മാധ്യമ പഠന ഗവേഷണ കേന്ദ്രം തുടങ്ങാന്‍ പോവുകയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാധ്യമ പഠന ഗവേഷണ കേന്ദ്രമായാണ് ആര്‍എസ്എസ് നേതൃത്വം ഇതിനെ വിഭാവനം ചെയ്യുന്നത്.

ഇതിനിടയില്‍ ഭക്ഷണം കൊണ്ടു വന്നത് അഹിന്ദുവാണെന്ന കാരണത്താല്‍ ഒരാള്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞത് വലിയ സംഭവമൊന്നുമല്ല. ഇങ്ങനെയൊരു രാജ്യത്ത് ഇതല്ലാതെ മറ്റെന്ത് സംഭവിക്കാന്‍. എങ്കിലും ഈ ആധുനിക കാലത്ത് ഇങ്ങനെയും ആളുകളുണ്ടല്ലോ എന്ന് ചിന്തിക്കാന്‍ കഴിയുന്നത് വളരെ ചെറിയ ഒരു ശതമാനത്തിന് മാത്രമായിരിക്കും. അതില്‍ ഭക്ഷണ വിതരണക്കാരന്റെ നിലപാടാണ് ആ ന്യൂനപക്ഷത്തിന് ആശ്വാസമായത്. ആ നിലപാട് ഇനിയൊരു ബിസിനസ് ട്രിക്കാണെങ്കില്‍ പോലും ആശ്വാസകരമാണ്. ഭക്ഷണത്തിന് മതമില്ലെന്ന ബിസിനസ് ട്രിക്ക് വിജയിച്ചാല്‍ പോലും അതീ രാജ്യത്ത് ഒരു നല്ല സൂചനയാണ്. പക്ഷേ അതിനൊരു സാദ്ധ്യതയുമില്ല. ഇതുപോലൊരു രാജ്യത്ത് ആ പ്രഖ്യാപനത്തിന്റെ പിന്നാലെ കൂടാന്‍ അധികം ആളെയൊന്നും കിട്ടാനിടയില്ല. ഇവിടെ ബിസിനസിലായാല്‍പ്പോലും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ബ്രാന്‍ഡുകള്‍ വിജയിക്കാനും മതമില്ലാ പ്രസ്താവനകളും നിലപാടുകളും പരാജയപ്പെടാനുമാണ് സാദ്ധ്യത കൂടുതല്‍. അതായത് ഈ രംഗത്തിന്റെയും അവസാനം മിക്കവാറും ട്രാജഡി തന്നെയായിരിക്കും.

ടിക്കറ്റെടുത്ത് കയറിയ കാണികള്‍ക്കു മുന്‍പില്‍ ട്രാജഡി രംഗങ്ങള്‍ മാത്രമുള്ള നാടകം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണവുമില്ല. കൂടുതല്‍ കൂടുതല്‍ ദുരന്തപര്യവസായിയാവാനുള്ള സാദ്ധ്യത മാത്രമാണ് തെളിയുന്നത്. ഈ നാടകത്തിന്റെ പ്രത്യേകത, ഇതിനെ നിരാകരിച്ച് മറ്റു നാടകങ്ങള്‍ക്ക് ടിക്കറ്റെടുത്ത് കയറിയ കാണികളും ഈ നാടകം കാണാന്‍ ബാധ്യസ്ഥരാണ് എന്നതാണ്. ആ നാടകശാലയുടെ പേരാണല്ലോ പാര്‍ലമെന്ററി ജനാധിപത്യം.

Exit mobile version