അങ്ങനെയവര്‍ മുസ്ലീങ്ങളെ തേടിയെത്തി

അദ്ഭുതപ്പെടാന്‍ ഒന്നുമില്ല; പക്ഷേ ആശങ്കപ്പെടാനുണ്ട്

അങ്ങനെ പൗരത്വ ബില്‍ നിയമമായി. ഒട്ടും അപ്രതീക്ഷിതമല്ല. അദ്ഭുതപ്പെടാനും ഒന്നുമില്ല. പക്ഷേ ആശങ്കപ്പെടാനുണ്ട്. കാരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയാണ്. ഇന്നുവരെ പൗരത്വമടക്കം ഒന്നിലും മതം എന്നത് ഘടകമായി പരിഗണിക്കാത്ത, ഭരണഘടനാപരമായി അങ്ങനെ കഴിയാത്ത ഇന്ത്യയില്‍ ഇനി മുതല്‍ പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഒന്നായി മതവും പരിഗണിക്കപ്പെടും എന്ന് ഇവിടത്തെ നിയമത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന സമുദായ അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന ബില്ലാണ് പാസ്സാക്കിയത്. മുസ്ലീം മതവിഭാഗത്തിന്റെ പേര് പൗരത്വം വാഗ്ദാനം ചെയ്യുന്ന മതങ്ങളുടെ കൂട്ടത്തിലില്ല. മുസ്ലീങ്ങളാണ് എന്നതിന്റെ പേരില്‍ മാത്രം ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഒരു വിഭാഗം ആളുകള്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്ന് ഇന്ത്യ പറഞ്ഞിരിക്കുന്നു.

ഇപ്പോള്‍ ഇന്ത്യയിലുള്ള ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് കാര്‍ഡും ഒക്കെയുള്ള മുസ്ലീങ്ങള്‍ക്ക് പ്രശ്‌നമില്ലല്ലോ, പിന്നെന്താണ് പ്രശ്‌നം, പിന്നെന്തിനാണ് ബഹളം എന്ന് ചോദിക്കുന്ന സംഘപരിവാര്‍ അനുകൂലികളുടെ ലളിത യുക്തി പോലെ അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഈ പൗരത്വ നിയമ ഭേദഗതിയ്ക്കു പിറകെ ബിജെപി നടപ്പാക്കാന്‍ പോകുന്നത് പൗരത്വ രജിസ്റ്ററാണ്. തലമുറകള്‍ക്കു മുന്‍പു തന്നെ ഇന്ത്യയിലുള്ളവരാണെന്ന് രേഖാമൂലം തെളിയിക്കാന്‍ കഴിയാത്തവര്‍ പൗരത്വ രജിസ്റ്ററിന് പുറത്താവും. പണ്ടു കാലത്ത് രേഖയൊക്കെ കൃത്യമാക്കി വെക്കാന്‍ മാത്രം വിദ്യാഭ്യാസമുള്ള എത്രമാത്രം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ടായിരുന്നുവെന്ന് നമുക്കൊക്കെ അറിയാവുന്നതാണല്ലോ.

അസമില്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടു വന്നപ്പോള്‍ പത്തൊമ്പതു ലക്ഷത്തോളം ആളുകളാണ് രജിസ്റ്ററില്‍ നിന്ന് പുറത്തായത്. പക്ഷെ അവിടെ ബിജെപിയുടെയും സംഘപരിവാറിന്റെയും കണക്കു കൂട്ടലുകള്‍ ചെറുതായി തെറ്റി. പുറത്തായവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായതിന്റെ പേരില്‍ ഒരു ഹൈന്ദവനും ഇന്ത്യ വിടേണ്ടി വരില്ല എന്ന അന്നത്തെ ആര്‍എസ്എസ് പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കണം. പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായതിന്റെ പേരില്‍ ആര്‍ക്കും ഒരു ആനുകൂല്യവും നിഷേധിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കിയതും ഓര്‍ക്കണം.

അസമിനു ശേഷം വിവിധ സംസ്ഥാനങ്ങളിലെ സംഘ കേന്ദ്രങ്ങളില്‍ നിന്ന് പൗരത്വ രജിസ്റ്ററിനു വേണ്ടിയുള്ള മുറവിളി ഉയരുകയാണ്. അവിടെയാണ് ബിജെപി ആദ്യം പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് പിറകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനൊരുങ്ങുന്നത്. അതായത്, പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയ അസമിലും നടപ്പാക്കാന്‍ പോകുന്ന മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെടുന്നവരില്‍ മുസ്ലീങ്ങളല്ലാത്തവര്‍ക്കൊക്കെ ഇന്ത്യന്‍ പൗരത്വം ലഭിക്കും. മതത്തിന്റെ പേരില്‍ മാത്രം ഒരു വിഭാഗം ഒഴിവാക്കപ്പെടും. ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്ന് പറഞ്ഞിരുന്നിടത്തു നിന്ന് മതേതര രാജ്യമായിരുന്നു എന്ന് പറയേണ്ടിടത്തേക്ക് സംഘപരിവാര്‍ എത്തിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷവും ബില്ലില്‍ പറയുന്ന മറ്റ് മതവിഭാഗങ്ങള്‍ ന്യൂനപക്ഷവുമാണ് എന്നാണ് സംഘപരിവാര്‍ വാദം. അതു കൊണ്ട് അവിടെ നിന്ന് ന്യൂനപക്ഷ പീഡനം സഹിക്കാതെ അഭയാര്‍ത്ഥികളായി എത്തുന്നവരെ സംരക്ഷിക്കുകയാണ് ഇന്ത്യ ചെയ്യുന്നത് എന്നാണ് ഈ ബില്ലിനെക്കുറിച്ച് അവരുടെ ന്യായീകരണം. അങ്ങനെയെങ്കില്‍ ഭൂരിപക്ഷ മതത്തില്‍ പെടുന്നവരായിട്ടും അതിന്റെ പ്രിവിലേജ് ഉണ്ടായിട്ടും ആ രാജ്യങ്ങളില്‍ നിന്ന് ഓടിപ്പോരേണ്ടി വരുന്ന, അഭയാര്‍ത്ഥികളാവേണ്ടി വരുന്നവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ. ഭൂരിപക്ഷത്തിന്റെ പ്രിവിലേജ് ഉണ്ടായിട്ടും സ്വന്തം രാജ്യം വിട്ട് കൂട്ടപ്പലായനം നടത്തുന്നവര്‍ സാമൂഹികമായി എത്ര വലിയ വെല്ലുവിളികളായിരിക്കും അവിടെ നേരിടേണ്ടി വരുന്നത്.

ഈ ബില്ലിന്റെ ഉദ്ദേശമെന്തെന്ന് മൂന്ന് പതിറ്റാണ്ടായി ഇന്ത്യയില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളുടെ അവസ്ഥ പറഞ്ഞു തരും. അവര്‍ക്ക് പൗരത്വം നല്‍കാനുള്ള കോടതി വിധിയുണ്ടായിട്ടും ആ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതായത് ഹിന്ദുക്കളെ സംരക്ഷിക്കലൊന്നും ബിജെപിയുടെയോ സംഘപരിവാറിന്റെയോ ഉദ്ദേശങ്ങളുടെ അടുത്തു പോലുമില്ല. പകരം മുസ്ലീം വിദ്വേഷം പടര്‍ത്തി വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലൂടെ ഭൂരിപക്ഷത്തിന്റെ പിന്തുണ നില നിര്‍ത്തലാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും എടുത്തു പറയുകയും മുസ്ലീം സമുദായത്തെ എടുത്തു പറയുകയും ചെയ്യുമ്പോഴുണ്ടാവുന്ന വര്‍ഗീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയ ലാഭം ശ്രീലങ്കയുടെ കാര്യം ബില്ലില്‍ പരാമര്‍ശിച്ചാലുണ്ടാവില്ല. അതു കൊണ്ടാണ് അയല്‍ രാജ്യങ്ങള്‍ എന്നു പറയാതെ ഈ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചത്. അതിലൂടെ മുസ്ലീങ്ങളോടൊപ്പം ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ ഈ ബില്ലിന്റെ സംരക്ഷണത്തില്‍ നിന്ന് പുറത്തായി. അല്ലെങ്കിലും ദ്രാവിഡരെ ഹിന്ദുക്കളായി കണക്കാക്കാനുള്ള പഠിപ്പല്ല നാഗ്പൂരിലെ പാഠശാലയില്‍ നടക്കുന്നതും.

സംഘപരിവാര്‍ മുസ്ലീങ്ങളെ തേടിയെത്തുന്നതിന്റെ തുടക്കമൊന്നുമല്ല പൗരത്വ നിയമ ഭേദഗതി. നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി കരുത്ത് നേടിയപ്പോഴും ഭരണം ലഭിച്ചപ്പോഴുമൊക്കെ വര്‍ഗീയ കലാപങ്ങളുടെയും വംശഹത്യകളുടെയും ആള്‍ക്കൂട്ടക്കൊലകളുടെയുമൊക്കെ രൂപത്തില്‍ അവരത് ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ അതില്‍ നിന്ന് രണ്ടാം മോദി സര്‍ക്കാരിനുള്ള വ്യത്യാസം ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് നിയമങ്ങളും ഭരണഘടനയും മാറ്റിയെഴുതി ഭരണകൂടത്തെ അതിനായി ഉപയോഗിക്കുന്നു എന്നതാണ്. ഫാസിസം എന്നതിന്റെ നിര്‍വചനമെന്തോ, ഇന്തയില്‍ അത് നടക്കുന്നു.

അതിലാദ്യത്തേത് കശ്മീരിലെ നടപടിയായിരുന്നു. ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചും അതിന് പുതിയ നിര്‍വചനങ്ങള്‍ കൊടുത്തുമൊക്കെയായിരുന്നു അത് നടപ്പാക്കിയത്. അന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നത് നടപ്പാക്കുന്നുവെന്നായിരുന്നു. പക്ഷേ അതിന് ശേഷവും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ദ്വീപ് സമൂഹങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമൊക്കെ അവിടത്തേത് മാത്രമായ നിയമങ്ങളും അവകാശങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നില്ലേ. അപ്പോള്‍ കശ്മീരിന് മാത്രമെന്താണ് പ്രത്യേകത. കശ്മീര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടാവുന്ന മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം എന്ന ഇമേജ് മാത്രമാണ് ബിജെപി അവിടെ ലക്ഷ്യമിട്ടത്.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മണിപ്പൂരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അമിത്ഷാ പ്രഖ്യാപിച്ചത് മണിപ്പൂരിന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിയമം നടപ്പാക്കുമെന്നാണ്. ഈ നിയമമുള്ള സംസ്ഥാനങ്ങളില്‍ ആര്‍ക്കെങ്കിലും പ്രവേശിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. അവിടെ പുറത്തു നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശിക്കാനാവാത്തതു കൊണ്ടു തന്നെ പൗരത്വ നിയമ ഭേദഗതിയുടെ പ്രശ്‌നം വരുന്നില്ല. അപ്പോള്‍ എവിടെയാണ് അമിത് ഷായുടെ ഒരേയൊരിന്ത്യ ഒരൊറ്റ ജനത. രാജ്യത്തെ പാര്‍ലമെന്റിനോടും ജനങ്ങളോടും ഒക്കെ നുണ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചുമാണ് അമിത്ഷായും ബിജെപിയും ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നുള്ളതിന് ഇതിനും വലിയ ഉദാഹരണങ്ങള്‍ വേണ്ടല്ലോ.

ചരിത്രത്തിലെ ഒരു കഥ കൂടി ഈ അവസരത്തില്‍ ഓര്‍ക്കാതെ പോകാനാവില്ല. ജൂതന്മാര്‍ക്കെതിരെ വംശീയ വിദ്വേഷം ആളിക്കത്തിച്ച് ആര്യ മേല്‍ക്കോയ്മാ സിദ്ധാന്തം കൊണ്ടു വന്ന് ജര്‍മന്‍ ഭരണാധികാരിയായി വാണ അഡോള്‍ഫ് ഹിറ്റ്‌ലറുടെ കഥ. ഒരു നുണ നൂറു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന പ്രചാരണ സിദ്ധാന്തം കയ്യിലുണ്ടായിരുന്ന ഗീബല്‍സായിരുന്നു ഹിറ്റ്‌ലറുടെ വലം കൈ. പക്ഷേ ഒന്നുണ്ട്. ചരിത്രമെന്നാല്‍ ഹിറ്റ്‌ലറുടെയും ഗീബല്‍സിന്റെയും വിജയങ്ങളുടെ മാത്രം കഥയല്ല. പരാജയത്തിന്റേതു കൂടിയാണ്.

Exit mobile version