മനോരോഗിയുടെ മതവും യൂട്യൂബിലെ ബോംബും

ആദിത്യ റാവുവിന്റെ കീഴടങ്ങല്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല

മംഗളൂരു വിമാനത്താവളത്തില്‍ ആരോ ബോംബ് വെച്ചതായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഒരു പ്രധാന വാര്‍ത്ത. ഓട്ടോറിക്ഷയിലെത്തിയ ആള്‍ സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ ഒരു ബാഗ് വിമാനത്താവളത്തില്‍ വെച്ച് മടങ്ങുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോംബു വെച്ചയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

തുടര്‍ന്ന് ബോംബ് വെച്ചതിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളും സിദ്ധാന്തങ്ങളും പുറത്തു വന്നു. ബോംബു വെച്ചത് ഭീകരവാദിയാണെന്ന കാര്യത്തില്‍ സംഘപരിവാര്‍ മാധ്യമമായ ജനം ടിവിയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. ഭീകരവാദി അടുത്തതായി ലക്ഷ്യം വെച്ചിട്ടുള്ളത് സമീപത്തുള്ള ക്ഷേത്രമാണെന്നും ജനം ടിവി വാര്‍ത്ത നല്‍കി. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ അവിടത്തെ പൊലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ജനം ടിവി നല്‍കുന്ന വാര്‍ത്തയുടെ ആധികാരികത സംശയിക്കേണ്ടതില്ലെന്ന് പലരും കരുതുന്നതില്‍ തെറ്റില്ലല്ലോ.

അധികം വൈകാതെ തന്നെ വിമാനത്താവളത്തില്‍ ബോംബു വെച്ച പ്രതി പൊലീസില്‍ കീഴടങ്ങി. പേര് ആദിത്യറാവു. പിടിയിലായത് ആദിത്യറാവുവാണെന്ന വാര്‍ത്ത വന്ന് സെക്കന്റുകള്‍ക്കകം തന്നെ അടുത്ത വാര്‍ത്ത വന്നു. പ്രതി മനോരോഗിയാണ്. നേരത്തെയും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. യൂ ട്യൂബ് നോക്കിയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചത്. എത്ര പെട്ടെന്നാണ് ഭീകരവാദി മനോരോഗിയായി പകര്‍ന്നാട്ടം നടത്തിയത്. കീഴടങ്ങിയ ആള്‍ ആദിത്യ റാവുവിന് പകരം ഏതെങ്കിലും മുസ്ലീം പേരുകാരനായിരുന്നെങ്കില്‍ മനോരോഗ സിദ്ധാന്തം ഇത്ര പെട്ടെന്ന് അവതരിപ്പിക്കപ്പെടുമായിരുന്നോ എന്നാണ് പ്രധാന സംശയം.

ബോംബ് വിഷയം വന്നപ്പോള്‍ വളരെപ്പെട്ടെന്നു തന്നെ ഭീകരവാദവും ക്ഷേത്രത്തിലെ ബോംബ് വെക്കല്‍ പദ്ധതിയും ഒക്കെച്ചേര്‍ത്ത് വാര്‍ത്ത വന്നതെങ്ങനെയാണ്. പിടിയിലായത് ആദിത്യ റാവുവാണെന്നു വന്നപ്പോള്‍ ബോംബ് വെക്കലിന് പിറകിലെ ഈ സിദ്ധാന്തങ്ങളൊക്കെ സ്വിച്ചിട്ട പോലെ മാഞ്ഞു പോയത് എന്തു കൊണ്ടാണ്. ഒന്നുകില്‍ ആദിത്യ റാവുവിനെ രക്ഷിക്കാന്‍ വേണ്ടി ഈ ഘടകങ്ങളൊക്കെ അന്വേഷിക്കാതിരിക്കുകയാണ്. അല്ലെങ്കില്‍ സംഘപരിവാര്‍ ജിഹ്വ ബോധപൂര്‍വം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതാണ്.

ആദിത്യറാവുവിനെ ബോധപൂര്‍വം രക്ഷിയ്ക്കുകയാണെങ്കില്‍ ബിജെപി ഭരണകൂടത്തിന് ഇതില്‍ പ്രത്യേക താല്പര്യമോ പങ്കോ ഉണ്ടെന്ന് മനസ്സിലാക്കണം. അതല്ല വ്യാജവാര്‍ത്തയായിരുന്നെങ്കില്‍ എന്തായിരുന്നു അതിന്റെ ലക്ഷ്യം. ഏതെങ്കിലും മുസ്ലീം പേരുകാരനായിരിക്കും പ്രതിയെന്ന് പ്രതീക്ഷിച്ച് ഒരുമുഴം നീട്ടിയെറിഞ്ഞ വാര്‍ത്തയാണെന്നാണ് അതിന്റെ അര്‍ത്ഥം. ആദിത്യ റാവുവിന്റെ കീഴടങ്ങല്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നര്‍ത്ഥം. ആദിത്യറാവു കീഴടങ്ങിയിരുന്നില്ലെങ്കില്‍ ഏതെങ്കിലും മുസ്ലീം പേരുകാരന്‍ കര്‍ണാടക പോലീസിന്റെ പിടിയിലാവാനുള്ള സാദ്ധ്യത പോലും തള്ളിക്കളയാനാവില്ല.

സമീപ കാലത്താണ് സംഘപരിവാറിന് ഏറ്റവും പ്രിയപ്പെട്ട പോലീസ് ഓഫീസര്‍ ദേവീന്ദര്‍ സിങ്ങ് ജമ്മു കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഭീകരവാദികളെ കാറില്‍ കടത്തുമ്പോള്‍ അബദ്ധത്തില്‍ പൊലീസ് പിടിയിലായത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തിലാണ് സംഘപരിവാറിന്റെ മാനസപുത്രന്‍ ഡല്‍ഹിയിലേക്ക് ഭീകരവാദികളെ കടത്താന്‍ ശ്രമിച്ചത് എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം.

ഇതിന്റെയെല്ലാം പിറകെയാണ് സുപ്രീം കോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ കെ ആര്‍ സുഭാഷ് ചന്ദ്രന്റെ പരാതിയിന്മേല്‍ കുറ്റിപ്പുറം പോലീസ് കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി എംപിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്തത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് നടപടി. കുറ്റിപ്പുറം പഞ്ചായത്തിലെ ചെറുകുന്ന് കോളനിയിലെ നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും അതിനാല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. പ്രദേശ വാസികള്‍ക്ക് വെള്ളം നല്‍കിയിരുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ കിണറില്‍ വെള്ളം കുറഞ്ഞപ്പോള്‍ അവര്‍ അയല്‍ക്കാരോട് വെള്ളത്തിന് വേറെ മാര്‍ഗങ്ങള്‍ കാണണമെന്ന് പറഞ്ഞിരുന്നു. അവിടത്തെ പഞ്ചായത്ത് കിണറും ഉപയോഗ ശൂന്യമായി കിടക്കുകയാണ് ഈ സംഭവത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ സേവാഭാരതിയുടെ വെള്ളം വിതരണത്തിന്റെ ചിത്രം ഉപയോഗിച്ച് ശോഭ കരന്തലജെയും സംഘപരിവാറും വ്യാജ പ്രചാരണം നടത്തിയത്.

സംഭവം വിവാദമായയോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും പോലീസും രംഗത്തെത്തിയിരുന്നു. മോട്ടോര്‍ തകരാറിലായതിനാല്‍ എട്ട് മാസത്തോളമായി ചെറുകുന്ന് കോളനി അടക്കമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. അത് പരിഹരിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ച് വരികയാണ്. അതിനിടയിലാണ് ജനങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ വ്യാജ പ്രചരണങ്ങളുമായി ഒരുവിഭാഗം രംഗത്ത് ഇറങ്ങിയതെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എത്ര പെട്ടെന്നാണ് ഒരു നാടിന്റെ കുടിവെള്ള പ്രശ്‌നത്തെ സംഘപരിവാര്‍ ദേശീയ തലത്തില്‍ തന്നെ വര്‍ഗീയ പ്രശ്‌നമായി ചിത്രീകരിച്ച് പ്രചാരണം അഴിച്ചു വിട്ടത്. ഇതെല്ലാം ചെയ്യുന്നവര്‍ വിമാനത്താവളത്തിലെ ബോംബിനു പിന്നില്‍ ഭീകരവാദം കണ്ടതും പ്രതി ആദിത്യറാവുവായപ്പോള്‍ തീവ്രവാദം മനോരോഗമായി മാറിയതും ഒന്നും അത്ര നിഷ്‌കളങ്കമല്ല. ഭീകരവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഒരുവശത്ത് മുറവിളി ഉയരുമ്പോള്‍ അതിനൊപ്പം തന്നെ പ്രഗ്യാസിങ്ങുമാരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയയ്ക്കുകയും സുപ്രധാന സമിതികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന രാജ്യമായി നമ്മുടെ രാജ്യത്തെ സംഘപരിവാര്‍ ഇതിനകം തന്നെ മാറ്റിയെടുത്തിട്ടുണ്ടല്ലോ.

Exit mobile version