വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവം; ജോലി കിട്ടാത്തതിന്റെ പ്രതികാരമെന്ന് ആദിത്യ റാവു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമെന്ന് ആദിത്യ റാവു. നേരത്തേ ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ ജോലി ലഭിച്ചിരുന്നില്ല. ഇതിന്റെ ദേഷ്യത്തിനാണ് ഇയാള്‍ വിമാനത്താവളത്തില്‍ ബോംബ് വെച്ചത് എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഇയാള്‍ നേരത്തേ വ്യാജരേഖകള്‍ ഉപയാഗിച്ച് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നേടിയിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്ന് ഇയാളെ കമ്പനി പുറത്താക്കി. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു എന്നും പോലീസ് അറിയിച്ചു.

അതേസമയം താന്‍ ഓണ്‍ലൈന്‍ വഴിയാണ് ബോംബുനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മ്മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലീസിനെ കുഴക്കുന്നത്. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടുമില്ല. അതേസമയം ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെയാണ് ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു പോലീസില്‍ കീഴടങ്ങിയത്.

Exit mobile version