അന്ന് ഗോഡ്‌സേയ്ക്ക് സ്വന്തം ചാനലുണ്ടായിരുന്നില്ല, ഇന്നതുണ്ട് എന്ന വ്യത്യാസം മാത്രം

ഇത്തവണ ഗാന്ധി രക്തസാക്ഷി ദിനം കടന്നു പോയത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അപമാനഭാരത്താല്‍ തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥയിലാക്കിയാണ്.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യന്‍ ഇന്ത്യയ്ക്ക് വിശേഷണങ്ങള്‍ക്കതീതമായ പലതുമാണ്. ആ പലതിനുമിടയില്‍ പത്രപ്രവര്‍ത്തകനെന്ന ഒരു സ്ഥാനം കൂടിയുണ്ട്. സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അഭിമാനിക്കാവുന്ന ഒരു ഘടകം. ഇന്ത്യ കണ്ട മഹാന്മാരായ മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവുമുണ്ട്. അതുകൊണ്ടു തന്നെ ഗാന്ധി രക്തസാക്ഷി ദിനം മാധ്യമപ്രവര്‍ത്തകര്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കേണ്ട ദിനം കൂടിയാണ്. നിലപാടുകളും ആശയങ്ങളും അടിയറവെക്കാത്തതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഒരു മഹാത്മാവ് കൊല ചെയ്യപ്പെട്ടത്. അതിന്റെ ഓര്‍മ ദിവസമാണന്ന്.

പക്ഷേ ഇത്തവണ ഗാന്ധി രക്തസാക്ഷി ദിനം കടന്നു പോയത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെയെല്ലാം അപമാനഭാരത്താല്‍ തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥയിലാക്കിയാണ്. ആശയങ്ങളുടെ പേരില്‍ ഹൈന്ദവ ഭീകരവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയാണ് 1948ല്‍ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതെങ്കില്‍ 2020 ആവുമ്പോള്‍ ഗാന്ധിയെ വീണ്ടും കൊലപ്പെടുത്താന്‍ മാധ്യമ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ചിലരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്നാണ് ഇത്തവണത്തെ ഗാന്ധി രക്തസാക്ഷി ദിനം തെളിയിച്ചത്.

ഒരു രാജ്യം മുഴുവന്‍ സ്വാതന്ത്ര്യലബ്ധി ആഘോഷിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് വര്‍ഗീയകലാപത്തിന്റെ പിടിയിലമര്‍ന്ന ബംഗാളിലെ നവഖാലിയില്‍ കലാപം ഒഴിവാക്കാന്‍ തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു മഹാത്മാ ഗാന്ധി. ഇന്ത്യ – പാക് വിഭജനം ഒഴിവാക്കാന്‍ അങ്ങേയറ്റം ആഗ്രഹിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ഗാന്ധിജി ചരിത്ര പുസ്തകങ്ങളുടെ താളുകളിലുണ്ട്. ആ മഹാത്മാ ഗാന്ധിയുടെ ഇന്ത്യയില്‍ പാകിസ്താനില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് പൗരത്വം നല്‍കാന്‍ മതം പരിഗണിക്കണമെന്ന് ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ വാദിക്കുമ്പോഴാണ് 2020ലെ ഗാന്ധി രക്തസാക്ഷി ദിനം കടന്നുപോയത്.

വര്‍ഗീയവാദികളുടെ വര്‍ഗീയ നിയമങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവം തകര്‍ത്ത് ഭരണഘടന ഇല്ലായ്മ ചെയ്യുന്നതിനും എതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രത്തിലെ സുപ്രധാന ദിവസങ്ങളില്‍ ഒന്നായി ഗാന്ധി സ്മൃതി ദിനം മാറുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനവും അങ്ങനെ തന്നെയായിരുന്നു. സാധാരണ ഇന്ത്യയില്‍ നടക്കാറുള്ള സര്‍ക്കാര്‍ വിലാസം ചട്ടപ്പടി ആഘോഷച്ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനം ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ദിനമായി ജനങ്ങള്‍ സ്വമേധയാ ഏറ്റെടുക്കകയായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളായി വിഭജിയ്ക്കപ്പെട്ട് ശത്രുക്കളായി നിന്നിരുന്നവരെ ഇന്ത്യ എന്ന ഒറ്റവികാരത്തിലേക്ക് കൊണ്ടു വന്നത് ഇവിടെ അധികാരം പിടിച്ചെടുക്കാന്‍ വന്ന ബ്രിട്ടീഷുകാരാണ്. അതുപോലെ ഇപ്പോള്‍ ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ ഒരുമിച്ച് ഇറക്കിയതിന്റെ ക്രെഡിറ്റ് മോദി – ഷാ അച്ചുതണ്ടിന് അവകാശപ്പെടാം.

സമാനമായ അവസ്ഥയിലാണ് ഗാന്ധി രക്തസാക്ഷി ദിനാചരണവും ജനങ്ങള്‍ ഏറ്റെടുത്തത്. ഭരണഘടനാ സംരക്ഷണത്തിനായി തെരുവിലിറങ്ങുന്ന ജനതയെ, ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിന്റെ നേരവകാശികളായ ജനതയെ ഗാന്ധി സ്മൃതി പ്രചോദിപ്പിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുപോലെ തന്നെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തവരുടെയും ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയുടെയും പാരമ്പര്യം പേറുന്നവരെ അത് വിറളിപിടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ജാമിയ മിലിയ ഇസ്ലാമിയയിലെ പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ അഭിനവ ഗോഡ്‌സെ നിറയൊഴിച്ചത്.

പ്രക്ഷോഭകര്‍ക്ക് നേരെ നിറയൊഴിച്ച രാംഭക്ത് ഗോപാല്‍ മാത്രമൊന്നുമല്ല ഗോഡ്‌സെയുടെ രക്തം സിരകളില്‍ ആവാഹിക്കുന്നത്. പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിക്കണമെന്ന് ഇന്ത്യയുടെ ഭരണം കയ്യാളുന്ന ഗോഡ്‌സെ പുത്രന്മാരില്‍ മൂത്തവര്‍ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. നേതാക്കളുടെ ആഹ്വാനം ശിരസാ വഹിക്കുകയാണ് രാംഭക്ത് ഗോപാല്‍ എന്ന ഗോഡ്‌സെ പുത്രന്‍ ചെയ്തത്. ഗാന്ധി സ്മരണയും മതേതരത്വ സംരക്ഷണ പോരാട്ടവും ഒക്കെ അവരെ വിറളിപിടിപ്പിച്ചതിലും അവര്‍ നിറയൊഴിച്ചതിലും ഒന്നും അത്ഭുതമില്ല. ഗോഡ്‌സെ പക്ഷം ഭരണപക്ഷമാവുന്ന കാലത്ത് ഡല്‍ഹി പോലീസ് അഭിനവ ഗോഡ്‌സെയ്ക്ക് സംരക്ഷണ വലയം തീര്‍ക്കുന്നതിലും അത്ഭുതമൊന്നുമില്ല.

പക്ഷേ അതിനപ്പുറമുള്ള ചിലത് ഇതിന്റെ ഭാഗമായി നടന്നു. ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ വെടിയുതിര്‍ക്കലിന് ശേഷം പുറത്തു വന്ന വാര്‍ത്തകളിലായിരുന്നു അത്. പോലീസുകാര്‍ നോക്കി നില്‍ക്കെ, അല്ലെങ്കില്‍ അവരുടെ മൗനാനുവാദത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അവിടെയുണ്ടായിരുന്ന ആര്‍ക്കും മനസ്സിലാക്കാമായിരുന്നിട്ടും അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവി അത് റിപ്പോര്‍ട്ട് ചെയ്തത് നേരെ തിരിച്ചായിരുന്നു. ജാമിയ മിലിയയിലെ പ്രതിഷേധം അക്രമാസക്തമായി, പ്രക്ഷോഭകര്‍ വെടിയുതിര്‍ത്തു എന്നായിരുന്നു ഏറെ നേരം ഗോസാമിയുടെ റിപ്പബ്ലിക് ടിവിയുടെ ബ്രേക്കിംഗ് ന്യൂസും തലക്കെട്ടും.

ഏതുഭാഗത്ത് നിന്ന് എവിടേക്കാണ് അഭിനവ ഗോഡ്‌സേ വെടിയുതിര്‍ക്കുന്നതെന്ന് വ്യക്തമാവാത്ത രീതിയിലുള്ള പ്രത്യേക ആംഗിളിലുള്ള വിഷ്വലും ഇതിനായി റിപ്പബ്ലിക് ടിവി ഏറെ നേരം സംപ്രേഷണം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാത്ത സ്ഥലമായിരുന്നില്ല അത്. ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. ആ ഭയാനകമായി നിമിഷങ്ങളെക്കുറിച്ച് വീഡിയോ ജേര്‍ണലിസ്റ്റുകള്‍ അടക്കമുള്ളവരുടെ കുറിപ്പുകളും വിവരണങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്. അതായത് വിവരമറിയാതെ അബദ്ധത്തിലുണ്ടായ നീക്കമാണ് ഗോസ്വാമിയുടെയും റിപ്പബ്ലിക് ടിവിയുടെയും ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

രണ്ടു ദിവസം മുന്‍പ് ഉത്തരവാദപ്പെട്ട നേതാവ് വെടിവെക്കാന്‍ ആഹ്വാനം ചെയ്യുന്നു. വളരെ കൃത്യമായി ഗാന്ധി വധം നടന്ന ദിനത്തില്‍ തന്നെ അനുയായി അത് നടപ്പാക്കുന്നു. തൊട്ടടുത്ത നിമിഷം മുതല്‍ പ്രക്ഷോഭകരാണ് വെടിവെച്ചതെന്ന പ്രചാരണം വ്യാപകമായി നടത്തുന്നു. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു പദ്ധതിയെന്നേ ഈ സംഭവ പരമ്പരകള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ കരുതാനാവൂ.

ഒരു നുണ ആയിരംവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം തന്നെയാണ് ഇവിടെ സംഘപരിവാരം നടപ്പാക്കുന്നത്. മഹാത്മാ ഗാന്ധിയെ വെടിവെച്ച സമയത്ത് ഗോഡ്‌സെയ്ക്കു വേണ്ടി സംസാരിക്കാന്‍ മാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പ്രചരിപ്പിക്കാന്‍ സംഘപരിവാരം ഇന്ന് ശ്രമിക്കുന്നുണ്ടെങ്കിലും ആ കാലത്തു നിന്ന് അതിന് പ്രതികൂലമായ തെളിവുകള്‍ മാത്രം പുറത്തു വരുന്നത് അവരെ പ്രകോപിതരാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പുതിയ കാലത്ത് ഗാന്ധി വധം പല രൂപത്തില്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ ഗോഡ്‌സെമാര്‍ക്ക് അനുകൂലമായ തെളിവുകള്‍ കൂടി ഉണ്ടാക്കി വെക്കുകയാണവര്‍.

ഇനി സമൂഹ മാധ്യമങ്ങളിലും മറ്റും അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തകളും ദൃശ്യങ്ങളും പറന്നു നടക്കും. ജാമിയ മിലിയ സര്‍വകലാശാലയും വിദ്യാര്‍ത്ഥികളും അക്രമകാരികളാണെന്ന പ്രചാരണം ഭാവിയില്‍ സംഘപരിവാരം നടത്തുമ്പോള്‍ അതിനുള്ള തെളിവുകളായി അവ അവതരിപ്പിക്കപ്പെടും. അത് ഏതു മതവിഭാഗത്തിനെതിരായാണ് ഉപയോഗിക്കപ്പെടാന്‍ പോകുന്നതെന്നതില്‍ സംശയം വേണ്ടല്ലോ. കേരളത്തില്‍ അര്‍ണബ് ഗോസാമിയുടെ ചാനലിന്റെ നുണപ്രചാരണത്തെ പൊളിക്കുന്ന രീതിയില്‍ ശക്തമായ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. അത് ജനങ്ങളിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ കേരളമാണ് ഇന്ത്യ എന്നു കരുതരുത്. ഇത്തരം കാര്യങ്ങളില്‍ കേരളവുമായി, കേരളത്തിന്റെ സ്വഭാവവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇന്ത്യയിലെ മഹാ ഭൂരിപക്ഷം സ്ഥലങ്ങളും. അവിടെ ഇപ്പോഴും ശരി അര്‍ണാബ് ഗോസ്വാമി ആദ്യം പ്രചരിപ്പിച്ച വാര്‍ത്ത തന്നെയാണ്. അതുവെച്ച് ഇനി സംഘപരിവാരം പ്രചരിപ്പിക്കാന്‍ പോകുന്ന വാര്‍ത്തകളാണ്. അതായത്, ഗാന്ധി വധത്തില്‍ ഗോഡ്‌സെയെ വെള്ളപൂശാന്‍ ആ സമയത്ത് മാധ്യമസഹായം സംഘപരിവാരത്തിന് ലഭിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഗാന്ധിവധം ആവര്‍ത്തിക്കുമ്പോള്‍ അതും അവര്‍ക്ക് ലഭിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെയാണ് മാധ്യമപ്രവര്‍ത്തകരുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തേണ്ട ഗാന്ധി അനുസ്മരണം സമകാലിക യാഥാര്‍ത്ഥ്യത്തില്‍ നേരെ തിരിച്ചാവുന്നത്.

Exit mobile version