കേരളവും മലയാളിയും ഒന്നാകെ ബിജെപിയ്ക്ക് ഭരണഘടനാ വിരുദ്ധമാവുന്നത് സ്വാഭാവികം മാത്രമാണ്

ഇന്ത്യയിലെ മതേതരത്വം തകര്‍ക്കുന്നതിനെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ പാകിസ്താനോട് പ്രതിഷേധിക്കൂ എന്ന് പറയുന്ന പ്രധാനമന്ത്രി

പൗരത്വ നിയമഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനും എതിരെ അതിശക്തമായ പ്രതിഷേധം രാജ്യമെമ്പാടും ഉയരുന്നതിനിടെ അക്കൂട്ടത്തില്‍ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും ശക്തമായ ശബ്ദമുയര്‍ത്തിയ നാടായിട്ടാണ് ഇന്ന് കൊച്ചു കേരളം ഇന്ത്യയ്ക്ക് വഴികാട്ടിയായി നില്‍ക്കുന്നത്. വലിപ്പം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാനോ അതിന്റെ നായകത്വം വഹിക്കാനോ ഒന്നും കഴിയില്ലെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് അതിലപ്പുറം കഴിയുമെന്നാണ് കേരളം തെളിയിച്ചത്. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കിയതാണ് മൗലികാവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ ശബ്ദത്തെ ഏറ്റവും കരുത്തുറ്റതാക്കിയത്.

ഈ പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ തന്നെ കേരളത്തിന്റെ ശബ്ദം അതില്‍ വേറിട്ട് കേട്ടിരുന്നു. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രതിഷേധ രംഗത്ത് ഇറങ്ങിയതാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കിയത്. അതില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ടു മാത്രമല്ല മറ്റൊരു വിശാല അര്‍ത്ഥത്തിലുള്ള രാഷ്ട്രീയം കൂടി അടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരുവിധം എല്ലാ സംസ്ഥാനങ്ങളിലും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള രാഷ്ട്രീയ ശക്തികള്‍ ബിജെപിയുമായി കൈ കോര്‍ത്തിട്ടുണ്ട്. ബിജെപിയ്ക്ക് ഇനിയും കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത തൊട്ടയല്‍പക്കമായ തമിഴ്‌നാട്ടില്‍ പോലും അതുണ്ട്. പക്ഷേ കേരളത്തിലിപ്പോഴും ബിജെപി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്താണെന്നും അങ്ങനെയൊരു രാഷ്ട്രീയം സാദ്ധ്യമാണെന്നുമാണ് പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തോട് വിളിച്ചു പറഞ്ഞത്.

പ്രമേയം നിയമസഭയില്‍ പാസാക്കിയതും കേരളം ഒറ്റക്കെട്ടായാണ്. ബിജെപിയുടെ ഒരേയൊരംഗം ഒ രാജഗോപാല്‍ മാത്രമാണ് സഭയില്‍ പ്രമേയത്തെ എതിര്‍ത്തത്. ഒരേയൊരെതിര്‍ ശബ്ദം മാത്രമായതു കൊണ്ടു തന്നെ പ്രമേയം വോട്ടിനിടുമ്പോള്‍ രാജഗോപാല്‍ അതില്‍ പങ്കെടുക്കാനോ വോട്ടിംഗ് ആവശ്യപ്പെടാനോ മുതിര്‍ന്നതുമില്ല. ഏകകണ്ഠമായി സഭ പ്രമേയം പാസാക്കുകയായിരുന്നു. അതായത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ കേരളത്തിന്റെ ഒരുമിച്ചുള്ള ശബ്ദമാണ് നിയമസഭ ഉയര്‍ത്തിയത്.

മോദി സര്‍ക്കാരിനെതിരെ ഭക്ഷണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം രാജ്യത്തെമ്പാടും ഉയര്‍ന്ന ഘട്ടത്തിലും കേരളത്തിന്റെ ശബ്ദം ഉയര്‍ന്നു കേട്ടിരുന്നു. അന്ന് കേരളത്തിനെതിരെയും മലയാളികള്‍ക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തുകയാണ് രാജ്യത്തങ്ങോളമിങ്ങോളമുള്ള സംഘപരിവാറുകാര്‍ ചെയ്തത്. ഡല്‍ഹിയിലെ കേരള ഹൗസില്‍ ആക്രമണം നടന്നതടക്കമുള്ള സംഭവങ്ങളുണ്ടായി. അപ്പോഴും ഞങ്ങളുടെ അടുക്കളയിലേക്ക് നിങ്ങള്‍ എത്തി നോക്കേണ്ടതില്ലെന്ന് പറഞ്ഞ് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയും അത് പറയാന്‍ നേതൃത്വം കൊടുത്ത രാഷ്ട്രീയത്തെ ചേര്‍ത്തു നിര്‍ത്തുകയും എത്തി നോക്കാന്‍ വന്ന രാഷ്ട്രീയത്തെ എടുത്ത് ചവറ്റു കൊട്ടയിലിടുകയും ചെയ്തവനാണ് മലയാളി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കര്‍ണാടകയിലെ ബിജെപി നേതാക്കളില്‍ നിന്നാരംഭിച്ച മലയാളി വിരുദ്ധ വിദ്വേഷ പ്രചാരണം ഇപ്പോള്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മലയാളികള്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിലാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടക മാത്രമല്ല, ഉത്തര്‍ പ്രദേശിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ മലയാളികളാണെന്നാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ ആരോപിക്കുന്നത്. ബിജെപിയ്ക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളില്‍ അവര്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നതിന്റെ ജാള്യത മറയ്ക്കാന്‍ മലയാളിയെ ഉപയോഗപ്പെടുത്തുകയാണ് ബിജെപി നേതൃത്വം. ഒപ്പം സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയെയും താല്‍പര്യങ്ങളെയും പച്ചയ്ക്ക് വെല്ലുവിളിക്കുന്ന മലയാളിയെയും കേരളത്തെയും രാജ്യത്ത് ഒറ്റപ്പെടുത്തലും ലക്ഷ്യമാണ്.

കേരള നിയമസഭ പാസ്സാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായി ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രിമാരും കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം നിയമിച്ച കേരള ഗവര്‍ണറും ഒക്കെ അതിലുണ്ട്. അങ്ങനെയെങ്കില്‍ ഏതു ഭരണഘടനയെക്കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നതെന്നതാണ് തിരിച്ചുള്ള ചോദ്യം. ഇന്ത്യയുടെ ഭരണഘടനയാണെങ്കില്‍ അതിന്റെ അന്തഃസത്തയെ ഒട്ടും മാനിക്കാത്ത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി ചെയ്തു കൊണ്ടിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമ്പോഴും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ഇന്ത്യയുടെ ഭരണഘടന ഇതുപോലെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

ഭരണഘടനയെന്നാല്‍ ഒരു പുസ്തകം മാത്രമല്ലെന്ന് ഏവരും ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷേ അതിനൊരു വെറും പുസ്തകത്തിന്റെ വില പോലും കേന്ദ്ര ഭരണം കൈകാര്യം ചെയ്യുന്ന സംഘപരിവാര്‍ ഭരണകൂടം നല്‍കിയില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെങ്കില്‍ അവിടത്തെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയ്ക്ക് അതു ചെയ്യാമെന്നാണ് ഭരണഘടന പറയുന്നത്. കശ്മീരിലെ അസംബ്ലിയെന്നാല്‍ അവിടത്തെ ജനങ്ങള്‍ ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കുന്നതാണ്. കശ്മീര്‍ സംബന്ധിച്ച് ഇങ്ങനെ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍ അത് ജനങ്ങളുടെ അഭിപ്രായ പ്രകാരമായിരിക്കണമെന്ന കാഴ്ചപ്പാടാണ് ഭരണഘടനയുടെ ഈ നിര്‍ദേശത്തില്‍ അന്തര്‍ലീനമായിരിക്കുന്നതെന്ന് ഏവര്‍ക്കും മനസ്സിലാവും. എന്നാല്‍ അസംബ്ലി മരവിപ്പിച്ചു നിര്‍ത്തി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. അപ്പോഴെവിടെയായിരുന്നു സംഘപരിവാറിന്റെ ഈ ഭരണഘടനാ സ്‌നേഹം.

ഇപ്പോഴത്തെ പൗരത്വ നിയമ ഭേദഗതിയും ഭരണഘടനയുടെ അന്തഃസത്ത കാറ്റില്‍ പറത്തുന്നതാണെന്ന് പകല്‍ പോലെ വ്യക്തമാണ്. പൗരത്വം അടക്കമുള്ള മൗലികമായ വിഷയങ്ങളില്‍ മതത്തെ ഒരു ഘടകമായി പരിഗണിക്കാത്ത മതേതര രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ ആ മതേതര മൂല്യത്തെയാണ് സംഘപരിവാര്‍ കൊന്നു കളഞ്ഞത്. അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു വരുന്നവരെ സംരക്ഷിക്കലാണ് ലക്ഷ്യമെങ്കില്‍ നിയമത്തില്‍ അങ്ങനെ തന്നെ എഴുതിയാല്‍ മതിയെന്നും രാജ്യങ്ങളുടെ മതങ്ങളുടെയോ പേരെഴുതേണ്ടതില്ലെന്നും ഭേദഗതികളുണ്ടായിരുന്നു. അതെല്ലാം തള്ളിയാണ് സംഘപരിവാര്‍ ഇന്ത്യയുടെ പൗരത്വ ചട്ടങ്ങളില്‍ മതങ്ങളുടെ പേരെഴുതിയത്. അങ്ങനെ വീണ്ടുമവര്‍ ഭരണഘടനയെ കൊന്നു.

ഭരണഘടനാ ധ്വംസനത്തിനെതിരായ പ്രമേയമാണ് ഭരണഘടനാ വിരുദ്ധം എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഒരിക്കലുമല്ല. ഇത് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി മലയാളിക്കുവേണ്ടി അവതരിപ്പിച്ച് പാസ്സാക്കിയ പ്രമേയമാണ്. കേരളവും മലയാളിയും ഭരണഘടനാ വിരുദ്ധമാണെന്നാണ് സംഘപരിവാരം ഇപ്പോള്‍ പറയുന്നത്. അസാധാരണ നടപടികളിലൂടെ രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെയുള്ള പ്രതിഷേധങ്ങളും അസാധാരണ രൂപം കൈവരിക്കും. അങ്ങനെ അസാധാരണ രൂപം കൈവരിച്ച ഒരു കേരളത്തെയാണ് നിങ്ങള്‍ കാണുന്നത്. ഇന്ത്യയിലെ മതേതരത്വം തകര്‍ക്കുന്നതിനെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ പാകിസ്താനോട് പ്രതിഷേധിക്കൂ എന്ന് പറയുന്ന പ്രധാനമന്ത്രിയോട് എന്തു പറയാനാണ്. പാകിസ്താനിലെ കാര്യങ്ങള്‍ ശരിയാക്കാനോ, ഇന്ത്യയെ പാകിസ്താനെപ്പോലെ ആക്കാനോ അല്ലല്ലോ അദ്ദേഹത്തെ ഇവിടത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വിചാരം ഇനി അതാണെങ്കില്‍പ്പോലും.

Exit mobile version