നീതി നടപ്പാവണം; പക്ഷേ നടപ്പാക്കേണ്ടത് പോലീസ് നിയമം കയ്യിലെടുത്തല്ല

നീതിനിര്‍വഹണത്തെ ഒരിക്കലും പൊതുബോധത്തിന് വിട്ടുകൊടുത്തു കൂടാ

ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാല് പ്രതികളെ വെടിവെച്ചു കൊന്ന പോലീസിന്റെയും അതിന് നേതൃത്വം നല്‍കിയ സൈബരാബാദ് പോലീസ് കമ്മീഷണര്‍ വിസി സജ്ജനാറിന്റെയും അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്ന തിരക്കിലാണ് നമ്മുടെ പൊതുബോധം. പൊതുബോധത്തിനൊപ്പം നിന്ന് റേറ്റിംഗ് കൂട്ടേണ്ട മാധ്യമങ്ങളും പോസിറ്റീവ് സൈഡ് സ്റ്റോറികള്‍ ഉല്പാദിപ്പിക്കുന്നതിന്റെ തിരക്കിലാണ്. പ്രതികള്‍ ചെയ്തത് ഒരിക്കലും മാപ്പു കൊടുക്കാനാവാത്ത ക്രൂരതയാണെന്നതില്‍ ഒരു സംശയവുമില്ല. അവരെ കയ്യില്‍ കിട്ടിയാല്‍ കൊന്നു കളയണമെന്ന് ഓരോ വ്യക്തിയ്ക്കും തോന്നുന്നതില്‍ തെറ്റൊന്നുമില്ല. അവരുടെ വൈകാരികത മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ നിയമത്തിലെ പഴുതുകളുപയോഗിച്ച് ഇതുപോലുള്ള പല കേസുകളിലെയും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പുറത്തിറങ്ങുന്നത് കണ്ടിട്ടുള്ള പൊതു സമൂഹത്തിന് ആ നിയമ വ്യവസ്ഥയില്‍ സംശയം തോന്നുന്നതും സ്വാഭാവികമാണ്.

പക്ഷേ ഈ പൊതുബോധത്തിനനുസരിച്ച് പോലീസ് തോന്നുന്ന പ്രതികളെയൊക്കെ വെടിവെച്ചു കൊല്ലുന്ന രീതി ശരിയാണോ എന്ന ചോദ്യത്തിനുത്തരം ശരിയല്ല എന്നു തന്നെയാണ്. പിടിക്കുന്ന പ്രതികളെയെല്ലാം ഒരു വിചാരണയ്ക്കും വിധേയരാക്കാതെ വെടിവെച്ചു കൊല്ലാനുള്ള അവകാശം പോലീസിന് ലഭിക്കുകയും അത് ന്യായീകരിക്കപ്പെടുകയും ചെയ്യുന്നത് കാര്യങ്ങളെ എവിടെക്കൊണ്ടു ചെന്നെത്തിക്കും എന്ന് ചിന്തിച്ചാല്‍ മതി. ഈ പ്രത്യേക കേസില്‍ ഏറ്റുമുട്ടല്‍ കൊലയെന്നൊക്കെ പോലീസ് പറയുന്നത് നുണയാണെന്ന് എല്ലാവര്‍ക്കുമറിയാം. കാരണം പ്രതികള്‍ പോലീസ് കസ്റ്റഡിയിലുള്ളവരാണ്. അവരുടെ കയ്യില്‍ ആയുധം പോലുമില്ലാതെ എങ്ങനെയാണ് പോലീസിനോട് ഏറ്റുമുട്ടുന്നത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഇതിനുള്ള വിശദീകരണം. ആയുധങ്ങള്‍ തട്ടിയെടുത്ത് പോലീസുകാര്‍ക്കു നേരെ പ്രതികള്‍ വെടിവെച്ചുവെന്നും പോലീസ് പറയുന്നുണ്ട്.

പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കില്‍ത്തന്നെ അരയ്ക്കു താഴെ വെടിവെച്ചു വീഴ്ത്താന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചു കൊല്ലാന്‍ എവിടെയാണ് നിയമം പോലീസിന് അനുവാദം നല്‍കുന്നത്. ഇവിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ആയുധം തട്ടിയെടുത്തുവെന്നുമൊക്കെ പറയുന്ന പോലീസ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്. നാലു പ്രതികളെക്കൊണ്ട് മര്യാദയ്ക്ക് തെളിവെടുപ്പിനു പോയി പൂര്‍ത്തിയാക്കാന്‍ പോലും ശേഷിയില്ലാത്തവരാണ് നമ്മുടെ പോലീസെന്നോ. പ്രതികളെ വിചാരണ ചെയ്യുകയും കുറ്റവാളികളെന്ന് തെളിഞ്ഞാല്‍ ശിക്ഷ വിധിക്കുകയും ചെയ്യേണ്ടത് ജുഡീഷ്യറിയാണ്. പോലീസല്ല. കുറ്റവാളികളെ പിടികൂടുകയും കേസന്വേഷിക്കുകയും കുറ്റം തെളിയിക്കാനാവശ്യമായ പഴുതടച്ച തെളിവുകള്‍ ജുഡീഷ്യറിയ്ക്ക് മുന്‍പില്‍ ഹാജരാക്കുകയും ചെയ്യലാണ് പോലീസിന്റെ ജോലി. അത് മര്യാദയ്ക്ക് ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെടുന്നതു കൊണ്ടാണ് നേരത്തെ പറഞ്ഞതു പോലെ ഇതുപോലുള്ള പല കേസുകളിലും നിയമത്തിന്റെ പഴുതുപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് നിയമ വ്യവസ്ഥയില്‍ സംശയം തോന്നുന്ന സ്ഥിതിയുണ്ടാവുന്നതും.

നിയമ വ്യവസ്ഥയനുസരിച്ചുള്ള സ്വന്തം ചുമതല നിര്‍വഹിക്കാതിരിക്കുകയും അതുവഴി ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ സംശയമുണ്ടാക്കുകയും ആ സംശയത്തിന്റെ ആനുകൂല്യം മുതലെടുത്ത് നിയമം കയ്യിലെടുക്കുകയും ചെയ്യുക എന്നതാണ് ഇവിടെ പോലീസ് ചെയ്തിരിക്കുന്നത്. കേസന്വേഷിക്കലും തെളിവു കണ്ടെത്തലുമൊക്കെ ശ്രമകരമായ ജോലിയാണ്. പ്രതികളെ വെടിവെച്ചു കൊന്നാല്‍പ്പിന്നെ ആ ശ്രമകരമായ ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട കാര്യമില്ലല്ലോ. അതിന് പൊതു ബോധത്തിന്റെ പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പിന്നെ ഒരു പ്രശ്‌നവുമില്ല. വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊടും ക്രിമിനലുകളെപ്പോലെത്തന്നെ ഈ പോലീസ് നടപടികള്‍ക്ക് കയ്യടിക്കുന്ന പൊതുബോധവും യഥാര്‍ത്ഥത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നാളെ ഏതു കേസിലും ആര്‍ക്കെതിരെയും സ്വീകരിക്കാവുന്ന നടപടിയായി വെടിവെച്ചു കൊല്ലലിനെ മാറ്റിയെടുക്കുകയാണ് ഈ ആള്‍ക്കൂട്ടം.

ഇതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ മുന്‍പത്തെ വീര കൃത്യങ്ങളും ഇപ്പോള്‍ വാഴ്ത്തു പാട്ടുകളായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പുറത്തുവന്നിടത്തോളം കഥകളനുസരിച്ച് അദ്ദേഹത്തിനിതൊരു സ്ഥിരം പരിപാടിയാണ്. പിന്തുണച്ച് പൊതുബോധവും കൂടെയുണ്ട്. സമാനമായ കേസ് തന്നെ വേറെയുമുണ്ട്. വാറംഗല്‍ എസ്പിയായിരുന്നപ്പോള്‍. പക്ഷേ ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു മാത്രം, അല്ലെങ്കില്‍ ഇദ്ദേഹം നേതൃത്വം നല്‍കുന്ന സംഘത്തിന്റെ കയ്യില്‍ നിന്നു മാത്രം പ്രതികളിങ്ങനെ നിരന്തരം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം മാത്രം ആരും ചോദിക്കുന്നില്ല.

പോലീസ് നടപടിയെ പുകഴ്ത്തുന്ന വനിതകളുടെ വികാരം മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. രാജ്യത്താകെ വലിയ രൂപത്തില്‍ ഉണ്ടായിട്ടുള്ള അരക്ഷിത ബോധത്തില്‍ നിന്ന് ഇങ്ങനെയെങ്കിലും ഒരു മോചനം ലഭിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യവുമല്ല. പക്ഷേ വൈകാരിക പ്രകടനങ്ങള്‍ക്കപ്പുറം നമ്മളോര്‍ക്കേണ്ടത്, നമ്മളെ രക്ഷിക്കേണ്ടത് എപ്പോഴും നമ്മുടെ ജനാധിപത്യവും അതിലെ നിയമങ്ങളുമൊക്കെയാണ്. അതിന് ശക്തിയില്ലാതാവുമ്പോള്‍ ആത്യന്തികമായി നമ്മുടെ രക്ഷ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ആ നിയമങ്ങള്‍ ദുര്‍ബലമാക്കി പ്രതികളെ രക്ഷിക്കുന്നതിന് ഉത്തരവാദികളായവരാണ് മറ്റൊരു വഴിയിലൂടെ സൂപ്പര്‍മാന്‍ ചമഞ്ഞ് നമ്മളെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. അതിനും അവര്‍ ചെയ്യുന്നത് നിയമവ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ്. പോലീസ് നിയമം കയ്യിലെടുത്ത് തുടങ്ങിയാല്‍ പിന്നെ ജുഡീഷ്യറി എന്തിനുള്ളതാണ്.

ഒരു സഹോദരിക്ക് നേരിട്ട ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മകളാണ് ഇപ്പോള്‍ നമ്മളെക്കൊണ്ട് ഇത്തരം നടപടികള്‍ക്ക് കയ്യടിപ്പിക്കുന്നത്. പക്ഷേ പോലീസിന്റെ എക്‌സ്ട്രാ ജുഡീഷ്യല്‍ നടപടികള്‍ കൊണ്ട് സ്വന്തം സഹോദരനെയോ ഭര്‍ത്താവിനെയോ പിതാവിനെയോ ഒക്കെ നഷ്ടപ്പെട്ട, അവര്‍ക്കെന്ത് പറ്റിയെന്ന് പോലും തിരിച്ചറിയാതെ ഇപ്പോഴും കണ്ണീരില്‍ കഴിയുന്ന എത്ര സഹോദരിമാര്‍ വേറെയുണ്ടെന്നറിയാമോ. കുറ്റമൊന്നും ചെയ്യാതെ പോലീസ് മെനഞ്ഞെടുത്ത കഥകളുടെ മാത്രം ബലത്തില്‍ വിചാരണ പോലുമില്ലാതെ തടവറകളില്‍ ജീവിതം ഹോമിക്കേണ്ടി വന്ന എത്ര യുവത്വങ്ങളുണ്ടെന്നറിയുമോ. പോലീസ് നിയമം കയ്യിലെടുക്കാന്‍ തുനിഞ്ഞിറങ്ങുകയും അതിന് കയ്യടി ലഭിക്കുകയും ചെയ്താല്‍ സംഭവിക്കാന്‍ പോകുന്നത് അതൊക്കെ നോര്‍മലൈസ് ചെയ്യപ്പെടലാണ്.

പൊതുബോധത്തിനൊപ്പം നിന്ന് കയ്യടിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നു കൂടിയുണ്ട്. സ്ത്രീകള്‍ രാത്രി റോഡിലിറങ്ങി നടക്കരുതെന്നും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അത് അവരുടെ കൂടി തെറ്റുകൊണ്ടാണെന്നും കരുതുന്ന പൊതുബോധം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതുകൊണ്ടു തന്നെ നീതിനിര്‍വഹണത്തെ ഒരിക്കലും പൊതുബോധത്തിന് വിട്ടുകൊടുത്തു കൂടാ. വിവേകത്തെ വികാരത്തിന് അടിയറവെക്കരുത്. തീര്‍ച്ചയായും നമുക്ക് നീതി വേണം. പക്ഷേ അത് നീതിയുടെ വഴിയിലൂടെ തന്നെയാവണം. ആ വഴി ദുര്‍ബലമാണെങ്കില്‍ അതിനെ ബലപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ബലപ്പെടുത്തേണ്ടവര്‍ അത് ചെയ്യാതെ കുറുക്കുവഴിയിലൂടെ നീതി കൊണ്ടുവരാം എന്നു പറയുമ്പോള്‍ അതിന് കയ്യടിക്കാന്‍ പോയാല്‍ അവരുടെ കുറുക്കു വഴികള്‍ നാളെ നമ്മളിലേക്കും എത്തും.

ഇനി അവസാനം മറ്റൊരു ചോദ്യം കൂടിയുണ്ട്. ആവേശം തണുക്കുമ്പോള്‍ ഇരുന്നു ചിന്തിച്ചു നോക്കേണ്ടത്. ആ വനിതാ വെറ്റിനറി ഡോക്ടറോട് കാണിച്ച ക്രൂരതയ്ക്ക് പിറകില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് കരുതുക. ആ യുവതിയോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ അത് നിര്‍വഹിച്ചതാവാനുമുള്ള സാദ്ധ്യത വെറുതെയൊന്ന് ആലോചിച്ചു നോക്കുക. എത്ര ഭയാനകമായിരിക്കും അതിന്റെ അനന്തരഫലം. അങ്ങനെയാണെങ്കില്‍ സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയ്ക്ക് ഒരുകാലത്തും തിരിച്ചറിയപ്പെടാതെ സുഖമായി ജീവിക്കാനുള്ള അവസരമാണ് ഈ സൂപ്പര്‍മാന്‍ പോലീസ് ഉണ്ടാക്കിയത്. അങ്ങനെയൊരു വശം കൂടി ഇതിനുണ്ട്. ആവേശം കൊള്ളാനും വൈകാരികമായി പ്രതികരിക്കാനും എളുപ്പമാണ്. പക്ഷേ നമ്മുടെ ആവേശം ഈ രാജ്യത്തെ നിയമവ്യവസ്ഥയെ മുഴുവന്‍ തകര്‍ക്കുന്നതാവാതെ ജാഗ്രത പാലിക്കേണ്ടത് നമ്മള്‍ തന്നെയാണ്.

Exit mobile version