ആടി സെയിലിൽ കോൺഗ്രസ് എംഎൽഎമാരുടെ രൂപത്തിൽ കോർപ്പറേറ്റുകൾ ബിനാമിപ്പേരിൽ വാങ്ങുന്നത് ഇന്ത്യയെ തന്നെയാണ്

ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം സ്വയം അവകാശപ്പെടുന്നവര്‍ ഇന്ന് പുതിയ ആധിപത്യത്തിനുള്ള പാലമാവുന്നു

ഇന്ത്യയിലെ വൈദേശിക ആധിപത്യത്തിന്റെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനമുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രാജ്യം വിട്ടിട്ട് കാലമേറെയായി. അതിന് ശേഷം അങ്ങനെ കമ്പനികൾക്കും കച്ചവടക്കാർക്കുമൊന്നും രാജ്യം പിടിച്ചടക്കാൻ കഴിഞ്ഞിട്ടില്ല. ഈസ്റ്റിന്ത്യാ കമ്പനിയെ ഇന്ത്യയിൽ നിന്ന് കെട്ടു കെട്ടിച്ച പോരാട്ടത്തിന് നേതൃത്വം കൊടുത്ത ദേശീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേര് ഉപയോഗപ്പെടുത്തി രാജ്യത്ത് ഇന്ന് ഒരു രാഷ്ട്രീയ പാർട്ടിയുണ്ട്. പക്ഷേ കമ്പനി ആധിപത്യമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ഇന്നാ പാർട്ടിയുടെ കാര്യം ഇത്തിരി പരുങ്ങലിലാണ്.

ഹിന്ദി മേഖലയിൽ വലിയ തിരിച്ചടിയേറ്റു എന്ന് ആ പാർട്ടി തന്നെ വിലയിരുത്തുന്നതിനിടയിലാണ് അത്യാവശ്യം വേരോട്ടമുണ്ടെന്ന് പറയുന്ന തെക്കേ ഇന്ത്യയിൽ എംഎൽഎമാരെ കൂട്ടം കൂട്ടമായി ബിജെപി വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. തെലങ്കാനയിലും കർണാടകയിലും ഗോവയിലുമൊക്കെ പാർട്ടി എംഎൽഎമാരെ ബിജെപി ഇങ്ങനെ ബൾക്ക് പർച്ചെയ്സ് നടത്തി. തെലങ്കാനയിലും ഗോവയിലും കൂറുമാറ്റ നിരോധന നിയമം പോലും ബാധകമാവാത്ത രീതിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ബിജെപിയിൽ പോയി ലയിക്കുകയായിരുന്നു.

ഇതിനെക്കുറിച്ചുള്ള ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. കോൺഗ്രസ് എംഎൽഎമാരുടെ ആടിമാസ സെയിലാണ് ഇപ്പോൾ നടക്കുന്നതെന്നും ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാമെന്നും നല്ല കാലത്ത് കുറച്ച് കോൺഗ്രസ് എംഎൽഎമാരെ വാങ്ങിയിരുന്നുവെങ്കിൽ ഇരട്ടി വിലയ്ക്ക് മറിച്ചു വിൽക്കാമായിരുന്നുവെന്നും ഒക്കെ സോഷ്യൽ മീഡിയ പറയുന്നു. ഈ രാഷ്ട്രീയ സന്ദർഭത്തിൽ അതൊക്കെ കോൺഗ്രസ് അർഹിക്കുന്നുണ്ട്. കോൺഗ്രസിന്റെ ശത്രുക്കൾക്ക് കളിയാക്കാനുള്ള അർഹതയുമുണ്ട്. പർച്ചെയ്സ് പൊളിറ്റിക്സിനും കോർപ്പറേറ്റ് നിയന്ത്രിത രാഷ്ട്രീയത്തിനുമൊക്കെ വഴി തുറന്നു കൊടുത്ത കോൺഗ്രസ് വിതച്ചത് കൊയ്യുകയാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

പക്ഷേ സോഷ്യൽ മീഡിയയ്ക്കും ആടി സെയിൽ ട്രോളുകൾക്കുമൊക്കെ അപ്പുറത്ത് വലിയ രാഷ്ട്രീയ അർത്ഥങ്ങളാണ് ബിജെപി ഇപ്പോൾ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പർച്ചെയ്സ് പൊളിറ്റിക്സിനുള്ളത്. ലോക്സഭയിൽ വൻ ഭൂരിപക്ഷം നേടിയ ബിജെപി ഇപ്പോൾ പറ്റാവുന്ന സംസ്ഥാനങ്ങളിലൊക്കെ എംഎൽഎമാരെ വാങ്ങിക്കൂട്ടുകയാണ്. മാർക്കറ്റിന്റെ നീതി അനുസരിച്ച് ഈസിലി അവെയിലബിൾ ആയ ഉല്പന്നമെന്ന നിലയിൽ കോൺഗ്രസ് എംഎൽഎമാർക്കു തന്നെയാണ് പ്രഥമ പരിഗണന. അധികാരം പിടിക്കേണ്ടയിടങ്ങളിൽ അതിനു വേണ്ടി, അധികാരമുള്ളയിടത്ത് ഭൂരിപക്ഷമുറപ്പിക്കാനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും വേണ്ടി എംഎൽഎമാരെ ബിജെപി വാങ്ങിക്കൂട്ടുകയാണ്.

ഇതിനു വേണ്ടി എവിടെ നിന്നാണ് ബിജെപിയ്ക്ക് ഇത്രയും പണം. ഒരു സംശയവും വേണ്ട, ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി പണമെറിഞ്ഞ കോർപ്പറേറ്റുകൾ തന്നെയാണ് ബിജെപിയ്ക്ക് എംഎൽഎമാരെ വാങ്ങിക്കൂട്ടാനും പണമെറിയുന്നത്. പർച്ചെയ്സ് പൊളിറ്റിക്സിന്റെ പാഠങ്ങൾ കൃത്യമായി അറിയുന്ന കോൺഗ്രസ് അതേ നാണയത്തിൽ തിരിച്ചടിക്കാമെന്നു വെച്ചാൽ അതിനുള്ള പണവും ഇപ്പോൾ കോൺഗ്രസിന്റെ കയ്യിലില്ല. ബിജെപിയുടെ കൈവശവും പിന്നെ കോർപ്പറേറ്റുകളുടെ കയ്യിലും മാത്രമേ പണമുള്ളൂ. കോർപ്പറേറ്റുകളാണെങ്കിൽ കൈ മെയ് മറന്ന് ബിജെപിക്കൊപ്പവുമാണ്. വെറുതെയല്ല ഒന്നാം മോഡി സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയതെന്ന് ഇപ്പോൾ കോൺഗ്രസ് ശരിയ്ക്കും തിരിച്ചറിയുന്നുണ്ടാവും. കളിക്കാനിറങ്ങുന്നതിനു മുമ്പ് കളത്തിൽ വേണ്ടതെല്ലാം റെഡിയാക്കിയിട്ടാണ് ബിജെപി ഇറങ്ങിയതെന്നർത്ഥം.

എന്തിനാണ് ഇപ്പോൾ ഇത്രയും പണമിറക്കി കോർപ്പറേറ്റുകൾ ബിജെപിയ്ക്കു വേണ്ടി കളിക്കുന്നതെന്നാണെങ്കിൽ അതിനുത്തരം ഇപ്പോഴത്തെ കേന്ദ്ര ബജറ്റും സർക്കാർ കൊണ്ടുവരാൻ പോകുന്ന പുതിയ തൊഴിൽ നിയമവുമൊക്കെയാണ്. ഇന്ത്യൻ റെയിൽവേയും എയർ ഇന്ത്യയുമടക്കം ഈ രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് കൊണ്ടു പടുത്തുയർത്തിയ അമൂല്യ സ്വത്തുക്കൾ എല്ലാമെല്ലാം ചുളുവിലയ്ക്ക് കോർപ്പറേറ്റുകൾക്ക് നൽകാനുള്ള പദ്ധതിയാണ് ഈ സർക്കാർ ഒരുക്കിയിരിക്കുന്നത്. അതിനു പുറമെ നാനൂറ് കോടി വരെ വിറ്റുവരവുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളെ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കി. നേരത്തെ ഈ പരിധി ഇരുനൂറ്റമ്പത് കോടിയായിരുന്നു. നിലവിൽ രാജ്യത്ത് ന്ൽകിക്കൊണ്ടിരിക്കുന്ന വൻ കോർപ്പറേറ്റ് നികുതിയിളവുകൾക്ക് പുറമെയാണ് ഇത്. എന്നിട്ടും ഇനിയും പോരെന്നാണ് കോർപ്പറേറ്റുകളുടെ നിലപാടെന്നത് വേറെ കാര്യം.

തൊഴിൽ നിയമമാണെങ്കിൽ ഇതിലേറെ ഭീകരമാണ്. നിലവിലുള്ള തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് കൊണ്ടുവരുന്ന പുതിയ ബിൽ പൂർണ്ണമായും തൊഴിലുടമകൾക്ക് അനുകൂലവും തൊഴിലാളികളുടെ എല്ലാ അകാശങ്ങളും കവർന്നെടുക്കുന്നതുമാണ്. തൊഴിലാളികളെ ഓവർടൈം ആനുകൂല്യങ്ങളൊന്നുമില്ലാതെ പതിനാലു മണിക്കൂർ വരെ പണിയെടുപ്പിക്കാം. എത്രവേണമെങ്കിലും കരാർ തൊഴിലാളികളെ നിയമിക്കാം തുടങ്ങി പൂർണമായും തൊഴിലവകാശ നിഷേധ ബില്ലാണ് വരാൻ പോകുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ നിർദേശങ്ങളെപ്പോലും കാറ്റിൽപ്പറത്തിക്കൊണ്ട് ഇന്ത്യൻ കോർപ്പറേറ്റുകളുടെ താൽപര്യം മാത്രം കണക്കിലെടുത്തുകൊണ്ടുള്ള നിയമം. ബിജെപിയുടെ ഉദ്ദിഷ്ടടകാര്യത്തിനുള്ള ഉപകാരസ്മരണ.

ഈ തൊഴിൽ നിയമത്തെ ബിഎംഎസ് അടക്കമുള്ള ട്രേഡ് യൂണിയനുകളെല്ലാം എതിർക്കുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് സർക്കാർ നീക്കം. ലോക്സഭയിൽ ബിൽ പാസ്സാക്കിയെടുക്കാൻ സർക്കാരിന് ഒരു വിഷമവുമുണ്ടാവില്ല. മറ്റു ചില ബില്ലുകളുടെ കാര്യത്തിലെന്ന പോലെ രാജ്യസഭയിൽ തടഞ്ഞു വീണാലേ പ്രശ്നമുള്ളൂ. അതൊഴിവാക്കാൻ ടിഡിപി ഉൾപ്പെടെയുള്ളവരുടെ എംപിമാരെത്തന്നെ വാങ്ങാൻ ശ്രമിക്കുന്നുമുണ്ട്. അതിനു പുറമെയാണ് ഇപ്പോഴത്തെ എംഎൽഎമാരെ വാങ്ങിക്കൂട്ടൽ. അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാൽ അതുമാത്രമല്ല പ്രയോജനമുള്ളത്. രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ അതിന്റെ നേട്ടമുണ്ടാവും. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കിയാൽ രാജ്യസഭാ സീറ്റുകൾ പൂർണമായി പിടിച്ചടക്കാൻ ഗുജറാത്തിലെ പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെ രംഗത്തിറക്കിയതിന്റെ ചീത്തപ്പേരുമുണ്ടാവില്ല. ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങളിലുമൊക്കെ സമ്പൂർണ ബിജെപി ആധിപത്യവും കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ ഒരെതിർപ്പുമില്ലാതെ നടപ്പിലാവുന്ന അവസ്ഥയും ഒന്നാലോചിച്ചു നോക്കൂ. അങ്ങോട്ടാണ് ഇന്ത്യ പോകുന്നത്.

അങ്ങനെ പണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിൻ കീഴിലായിരുന്ന ഇന്ത്യയെ വീണ്ടും പുതിയ കുറെ കമ്പനികൾ പിടിച്ചടക്കുകയാണ്. നമ്മളെല്ലാം വീണ്ടും കമ്പനി ഭരണ കാലത്തേക്ക് പോവുകയാണ്. പണ്ട് രാജ്യം പിടിച്ചടക്കാൻ സൈന്യവും പടക്കോപ്പുകളുമൊക്കെ വേണമായിരുന്നുവെങ്കിൽ ഇന്ന് അല്പം രാജ്യസ്നേഹ മുദ്രാവാക്യവും അയൽപക്ക ആക്രമണ ഭീഷണിയും പിന്നെ കയ്യിലുള്ള ഇട്ടുമൂടാനുള്ള പണവും ഒക്കെ ആവശ്യമായ അളവിൽ ചേർത്ത് അവരത് സാധിക്കുകയാണ്. പണ്ട് ഒരു കമ്പനി ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ പിറവിയെടുത്ത പ്രസ്ഥാനത്തിന്റെ പൈതൃകം സ്വയം അവകാശപ്പെടുന്നവർ ഇന്ന് പുതിയ ആധിപത്യത്തിനുള്ള പാലമാവുന്നുവെങ്കിൽ എന്താണ് ആ അവസ്ഥയെ വിളിക്കേണ്ടത്.

Exit mobile version