‘ഒരു ആഴ്ചയ്ക്കുള്ളിൽ കാലിയാക്കിയത് നാല് ബാങ്കുകൾ’; നാടിനെ വിറപ്പിച്ച പിങ്ക് ലേഡി ബൻഡിറ്റും സഹായിയും ഒടുവിൽ പിടിയിൽ

പെൻസിൽവാനിയ: യുഎസ് ഈസ്റ്റ് കോസ്റ്റിലെ നഗരങ്ങളെ ഒരാഴ്ച മുൾമുനയിൽ നിർത്തിയ യുവതിയും സഹായിയും ഒടുവിൽ പോലീസ് വലയിലായി. ഒരാഴ്ച കൊണ്ട് നാലു ബാങ്കുകൾ അനായാസമായി കൊള്ളയടിച്ചിട്ടും പ്രതികളെ പിടികൂടാനാകാതെ വന്നതോടെ പോലീസിന് തന്നെ നാണക്കേടായിരുന്നു ഈ സംഭവം.

ഒടുവിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ‘പിങ്ക് ലേഡി ബൻഡിറ്റ്’ എന്ന് വിശേഷിപ്പിച്ചപ്പെട്ട കൊള്ളക്കാരിയും കൂട്ടാളിയും പിടിയിലാവുകയായിരുന്നു. നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത സിർസി ബെയ്സും സഹായി അലക്സിസ് മൊറാലിസുമാണ് പോലീസ് പിടിയിലായത്. സിർസിയുടെ പക്കൽ എപ്പോഴും പിങ്ക് നിറത്തിലുള്ള ബാഗ് ഉണ്ടാകാറുണ്ടെന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ അജ്ഞാതയായ ഈ മോഷ്ടാവിന് പിങ്ക് ലേഡി ബൻഡിറ്റ് എന്ന ഇരട്ടപ്പേര് അന്വേഷണസംഘം നൽകുകയായിരുന്നു.

ഞായറാഴ്ചയാണ് ഇരുവരും പിടിയിലായത്. നേരത്തെ മോഷ്ടാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാർലിസ്ലി, പെൻസിൽവാനിയ, ഡെലവേർ, നോർത്ത് കരോലിന എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് സിർസിയും അലക്സിസും മോഷണം നടത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു മോഷണങ്ങളിൽ അധികവും.

പിങ്ക് ബാഗുകൾക്കൊപ്പം സിർസിയുടെ വസ്ത്രധാരണവും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതാണ്. അന്വേഷണസംഘം പുറത്തു വിട്ട സിർസിയുടെ സിസിടിവി ദൃശ്യങ്ങൾ ഫാഷനോട് കമ്പമുളള ഒരാളാണെന്ന് വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് നാല് ബാങ്കുകൾ ഇവർ കൊള്ളയടിച്ചത്. പിടിയിലായ സിർസിയ്ക്കും അലക്സിസിനുമെതിരെ മോഷണത്തിനും ആയുധം കൈവശം വെയ്ക്കലിനും ഭീഷണിപ്പെടുത്തലിനും പോലീസ് കേസെടുത്തു. ആദ്യത്തെ രണ്ട് മോഷണങ്ങൾക്കുമുള്ള തെളിവുകൾ ആസ്പദമാക്കിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചു വരുന്നു.

Exit mobile version