ക്യൂബയിൽ ജോലി ചെയ്ത 40 യുഎസ് നയതന്ത്രജ്ഞരുടെ തലച്ചോറിനും പരിക്കേറ്റു; ആക്രമണം നടന്നെന്ന് സംശയം; നിഷേധിച്ച് ക്യൂബ

വാഷിങ്ടൺ: ദുരൂഹ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ് 40 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ. ക്യൂബയിൽ ജോലി ചെയ്ത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ തലച്ചോറിനാണ് ദുരൂഹമായ സാഹചര്യത്തിൽ പരിക്കേറ്റതായി കണ്ടെത്തിയിരിക്കുന്നത്. 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ ജോലി ചെയ്തവർക്കാണ് ദുരൂഹമായ രീതിയിൽ തലച്ചോറിന് പരിക്കേൽക്കുകയും ബുദ്ധിഭ്രമം, കണ്ണിന്റെ ചലനങ്ങൾക്ക് മാറ്റമുണ്ടാകുക, ബാലൻസിങ്ങിന് പ്രശ്‌നം തുടങ്ങിയ ലക്ഷണളോടെ ചികിത്സ തേടേണ്ടി വന്നത്. 40 പേരുടെയും മസ്തിഷ്‌കം സ്‌കാൻ ചെയ്തതിൽ നിന്നാണ് ഈ കണ്ടെത്തൽ. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് നൽകുന്നത് ഗുരുതരമായ ആക്രമണം ഇവർക്കെതിരെ നടന്നിരിക്കാം എന്നതിന്റെ സൂചനകളാണ്.

ഇവരുടെ തലച്ചോറിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് എംആർഐ സ്‌കാൻ പരിശോധിച്ച റേഡിയോളജി പ്രഫസർ രാഗിണി വർമ പറയുന്നത്. ക്യൂബയിലേക്ക് പോകുമ്പോൾ ആരോഗ്യസമ്പന്നരായിരുന്ന ഉദ്യോഗസ്ഥർ യുഎസിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഈ മാറ്റങ്ങൾ കണ്ടെത്തിയത്. ഹവാനയിലേയ്ക്ക് പോസ്റ്റിങ് കിട്ടിയ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പലവിധ പ്രശ്നങ്ങൾ കണ്ടെത്തിയതോടെ 2017 സെപ്റ്റംബറിൽ ഉദ്യോഗസ്ഥരെ ക്യൂബൻ തലസ്ഥാനത്ത് നിന്ന് പിൻവലിച്ചിരുന്നു.

എന്നാൽ യുഎസ് ഭരണകൂടം ദുരൂഹമായ ഈ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. ശ്രവണേന്ദ്രിയത്തെ ബാധിക്കുന്നതരത്തിൽ ഏതെങ്കിലും ആക്രമണം ഉണ്ടായതാവാണെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഈ വാർത്തകളെ ക്യൂബ നിഷേധിച്ചു.

Exit mobile version