‘യുഎസ് തെരഞ്ഞെടുപ്പില്‍ ഇനി ഇടപെടരുത് കേട്ടോ’? പുടിനോട് ട്രംപ്

തെരഞ്ഞെടുപ്പില്‍ ഇനി ഇടപെടരുതെന്ന് പുടിന് തമാശ രൂപേണെ ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഒസാക്ക: ജി-20 ഉച്ചകോടിക്കിടെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. സംസാരത്തിനിടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇനി ഇടപെടരുതെന്ന് പുടിന് തമാശ രൂപേണെ ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപിന്റെ നടപടി. ട്രംപ് ചിരിച്ചുകൊണ്ട് പുടിനു നേരെ വിരലു ചൂണ്ടി ഇടപെടരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി-20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും സംസാരിച്ചത്. വളരെ വളരെ നല്ല ബന്ധമെന്നാണ് റഷ്യന്‍ ബന്ധത്തെ കുറിച്ച് ട്രംപ് പറഞ്ഞത്. ഒരുപാട് നല്ല കാര്യങ്ങള്‍ വരാനിരിക്കുന്നുണ്ടെന്നും യുഎസ്-റഷ്യന്‍ സഹകരണത്തെ കുറിച്ച് സൂചനകള്‍ നല്‍കിക്കൊണ്ട് ട്രംപ് പറഞ്ഞു.

നേരത്തെ ട്രംപിന്റെ എതിരാളികളായ ഡെമോക്രാറ്റ്‌സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് ആരോപിച്ചിരുന്നു. 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ട്രംപിന്റെ പ്രചാരണ ക്യാംപെയ്‌നുകളില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്നായിരുന്നു ആരോപണം. ഇത് അന്വേഷിക്കാനായി സീനിയര്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ ഇടപെടലിനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

Exit mobile version