കൊളംബോ സ്‌ഫോടന മുന്നറിയിപ്പ് നല്‍കിയിട്ടും ചലിക്കാതെ പോലീസ് സേന; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്; ക്രിമിനല്‍ കുറ്റം ചുമത്തി

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആക്രമണ സാധ്യതയെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പും കൊളംബോ പോലീസ് അവഗണിച്ചിരുന്നു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ച് ശ്രീലങ്കന്‍ തലസ്ഥാനത്തുണ്ടായ സ്ഫോടനത്തെ കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും വേണ്ട രീതിയില്‍ നടപടികള്‍ എടുക്കാതിരുന്ന 9 പേര്‍ക്കെതിരെ കേസ്. 258 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുടെ പേരില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 21 ന് കൊളംബോയിലെ 3 പള്ളികളിലും 3 ഹോട്ടലുകളിലുമാണ് ഭീകരര്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആക്രമണ സാധ്യതയെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പും കൊളംബോ പോലീസ് അവഗണിച്ചിരുന്നു. ഇതിനിടെ, വിവരം ലഭിച്ചിട്ടും പ്രതിരോധിക്കാതിരുന്ന പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തുവന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് ഈ ആക്രമണം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നാണ് ഉയരുന്ന വിമര്‍ശനം.

ചാവേറാക്രമണത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ രാജിവെച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു അദ്ദേഹത്തിന്റെ രാജി. പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെയ്ക്കാന്‍ അന്നു തന്നെ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരുന്നു.

Exit mobile version