ശ്രീലങ്കയിലെ സ്‌ഫോടനം; 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

ഇതില്‍ 45 പേര്‍ കുട്ടികളായിരുന്നുവെന്നാണ് യുനിസെഫ് വക്താവ് ക്രിസ്റ്റഫ് ബൗലിയറാക് അറിയിച്ചത്

ജനീവ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തില്‍ 45 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഒമ്പത് സ്‌ഫോടനങ്ങളിലായി 320 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 45 പേര്‍ കുട്ടികളായിരുന്നുവെന്നാണ് യുനിസെഫ് വക്താവ് ക്രിസ്റ്റഫ് ബൗലിയറാക് അറിയിച്ചത്. ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീലങ്കയില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത എന്നും ക്രിസ്റ്റഫ് ബൗലിയറാക് പറഞ്ഞു. വിവിധ ആശുപത്രികളിലായി നിരവധി കുട്ടികളാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്. നൊഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 27 കുട്ടികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

അതേസമയം ബാത്തികലോവയിലുണ്ടായ ആക്രമണത്തില്‍ പതിമൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 18 മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ എല്ലാവരും ശ്രീലങ്കന്‍ സ്വദേശികളാണ്. 20 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇതില്‍ നാലുപേര്‍ ഐസിയുവിലാണെന്നും യുനിസെഫ് വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലികളിലുമായി സ്‌ഫോടനം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

Exit mobile version