ജനക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷിച്ചത് പാകിസ്താന്‍ സേന; ചെറിയ കാര്യങ്ങള്‍ പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയെന്നും അഭിനന്ദന്‍ പറയുന്നതായി വീഡിയോ പുറത്തുവിട്ട് പാകിസ്താന്‍; 1.24 മിനിറ്റ് വീഡിയോയില്‍ 17 എഡിറ്റിങ്; വിമര്‍ശനം കനത്തപ്പോള്‍ വീഡിയോ മുക്കി!

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് തൊട്ടുമുമ്പ് പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് പാകിസ്താന്‍. 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പാക് സേന പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ അഭിനന്ദന്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുകയും പാകിസ്താന്‍ സേനയെ വാഴ്ത്തുന്നതമായാണ് കാണിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കൊപ്പം വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തും നിരവധിപേര്‍ രംഗത്തെത്തിയതോടെ ട്വിറ്ററില്‍ നിന്നും പാകിസ്താന്‍ വീഡിയോ ഡിലീറ്റ് ചെയ്തു.

പാകിസ്താന്‍ സമയം രാത്രി എട്ടരയോടെ ഔദ്യോഗികമായി ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോയില്‍ 17 ഇടത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ സംസാരിക്കുന്ന വീഡിയോയില്‍ നിരവധി എഡിറ്റിങുകള്‍ നടത്തിയതും പലഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും പാകിസ്താന്റെ പ്രൊപ്പഗണ്ടയ്ക്ക് അനുസൃതമായി ദൃശ്യങ്ങളില്‍ മാറ്റം വരുത്തിയെന്നതിന് തെളിവാണ്.

ഈ വീഡിയോ എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ലെങ്കിലും അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് കൈമാറുന്നത് വൈകിച്ചത് ഈ വീഡിയോ പകര്‍ത്തലാണെന്നും ആരോപണം ഉയരുന്നുണ്ട്.

പാകിസ്താന്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭിനന്ദന്‍ സംസാരിക്കുന്ന വീഡിയോയില്‍ പറയുന്നതിങ്ങനെ: ‘വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ എന്ന ഞാന്‍ ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റാണ്. ഞാന്‍ ഒരു ലക്ഷ്യത്തെ പിന്തുടരാനുള്ള ശ്രമത്തിനിടെ പാക് വ്യോമസേന എന്റെ വിമാനം വീഴ്ത്തി. തകര്‍ന്ന വിമാനം ഉപേക്ഷിച്ച് പാരച്യൂട്ട് വഴി ഞാന്‍ താഴെയിറങ്ങി. എന്റെ കയ്യില്‍ തോക്കുണ്ടായിരുന്നു. അവിടെ ഒട്ടേറെ പ്രദേശവാസികളുണ്ടായിരുന്നു.

ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അമിതാവേശത്തിലായിരുന്നു പ്രദേശവാസികള്‍. ആ സമയം അവിടെയെത്തിയ ക്യാപ്റ്റന്റെ നേതൃത്വത്തിലെത്തിയ പാകിസ്താന്‍ സേനാ സംഘം എന്നെ അവരില്‍ നിന്നു രക്ഷിച്ചു. സേനാ യൂണിറ്റിലെത്തിച്ച എനിക്ക് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയി. പാക്കിസ്താന്‍ സേന പ്രഫഷനല്‍ മികവോടെയാണു പ്രവര്‍ത്തിക്കുന്നത്. ഞാന്‍ അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ചു കാട്ടുകയാണ്’.

അതേസമയം, പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയില്‍ എഫ്-16 വിമാനത്തെ അഭിനന്ദന്‍ തകര്‍ത്തെന്ന പരാമര്‍ശം ഇല്ലെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.

വെറും 1 മിനിറ്റ് 24 സെക്കന്‍ഡുള്ള വീഡിയോ 17 തവണയോളം എഡിറ്റ് ചെയ്താണ് പാകിസ്താന്‍ പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിയന്ത്രണരേഖാ ലംഘനത്തിന് പാകിസ്താന് എതിരെ രോഷം ഉയരുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ വൈമാനികനെ കൈമാറുകയെന്ന നടപടി കൈക്കൊണ്ടത്. ഇതു പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഇമ്രാന്‍ ഖാന് സഹായകരമാവുകയും ചെയ്തിരുന്നു.

എന്നാല്‍ 17 തവണയോളം അനാവശ്യമായി എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ക്കപ്പെട്ട വീഡിയോയുടെ ആധികാരികത സംശയത്തിന്റെ നിഴലിലായതോടെ അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടിയാണ് പാകിസ്താന് സംഭവിച്ചിരിക്കുന്നത്.

Exit mobile version