കാശ്മീരിൽ വീരമൃത്യു വരിച്ച മൻപ്രീത് സിങ്ങിന് അന്ത്യയാത്രയ്ക്കിടെ സല്യൂട്ട്‌നൽകി കുഞ്ഞുമകൻ; സൈനികവേഷത്തിലെ സല്യൂട്ടിൽ കണ്ണീരണിഞ്ഞ് സോഷ്യൽമീഡിയ

ന്യൂഡൽഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങിന്റെ വിലാപയാത്രയ്ക്കിടെ അവസാനമായി സല്യൂട്ട് നൽകുന്ന മകന്റെ ചിത്രം നോവാകുന്നു. മൻപ്രീതിന്റെ ഭൗതികശരീരം പഞ്ചാബിലെ മുല്ലാംപുറിലെ വീട്ടിലെത്തിച്ചപ്പോഴാണ് ആറ് വയസുകാരൻ മകൻ മരണത്തിന്റെ അർത്ഥമൊന്നും അറിയാതെ നിഷ്‌കളങ്കമായി സല്യൂട്ട് നൽകി അച്ഛനെ യാത്രയാക്കിയത്.

നാട്ടുകാരെല്ലാം ധീരജവാനെ അവസാനമായി കാണാൻ ഒഴുകിയെത്തിയിരുന്നു. പൊട്ടിക്കരയുന്ന ഭാര്യയും അമ്മയുമെല്ലാം കൂടി നിന്നവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു. ആറുവയസുകാരൻ സഹോദരൻ സല്യൂട്ട് ചെയ്യുന്നതുകണ്ട് അടുത്തുനിന്ന രണ്ടുവയസ്സുകാരിയും കൈപ്പടം നെറ്റിയിൽവെച്ച് സല്യൂട്ട് അനുകരിക്കാൻ ശ്രമിച്ചതും ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കുട്ടികളെ ബന്ധുക്കൾ ചേർത്തുപിടിച്ചാണ് ആശ്വസിപ്പിച്ചത്. ഈ രംഗത്തിന്റെ വീഡിയോദൃശ്യമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡറായിരുന്നു 41 കാരനായ കേണൽ മൻപ്രീത് സിങ്. സൈനികബഹുമതിയായ സേന മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സൈന്യവും പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഭീകരരുടെ വെടിയേറ്റ് കേണൽ മൻപ്രീത് സിങ്ങ് വീരമൃത്യുവരിച്ചത്.

മൻപ്രീതിനൊപ്പം വെടിയേറ്റ 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ മറ്റൊരു കമാൻഡറായ മേജർ ആശിഷ് ധോൻഛക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹിമയൂൺ ഭട്ട് എന്നിവരും വീരമൃത്യു വരിച്ചു.

ALSO READ- നിപ വൈറസ് വൻകിട ഫാർമസി കമ്പനിയുടെ വ്യാജ സൃഷ്ടിയെന്ന് സോഷ്യൽമീഡിയയിലൂടെ പ്രചാരണം; യുവാവിന് എതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

മേജർ ആശിഷിന്റെ ഭൗതികശരീരം സ്വദേശമായ പാനിപ്പത്തിലെത്തിച്ചു സംസ്‌കരിച്ചു. സൈനിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര ഒരുക്കിയത്. പട്ടണത്തിൽ നിന്ന് മേജർ ആശിഷിന്റെ വസതിയിലേക്കുള്ള എട്ട് കിലോമീറ്റർ ദൂരം വിലാപയാത്രയിൽ നൂറുകണക്കിനാളുകളാണ് യാത്രയ്ക്ക് അകമ്പടിയേകിയത്.

കശ്മീരിലെ ബഡ്ഗാമിൽ നടന്ന ഹിമയൂൺ മുസമിൽ ഭട്ടിന്റെ അന്തിമ സംസ്‌കാരച്ചടങ്ങുകൾ വൻജനാവലി സാക്ഷിയായി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പോലീസ് മേധാവി ദിൽബഗ് സിങ് എന്നിവർ ചടങ്ങിനെത്തി അന്തിമോപചാരം അർപ്പിച്ചു.

Exit mobile version