താന്‍ തന്നെ ഇപ്പോഴും പ്രധാനമന്ത്രി; ഒൗദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിച്ച് വിക്രമ സിംഗെ; ഭരണഘടനാ പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്ക

ഇപ്പോഴും താനാണ് പ്രധാനമന്ത്രിയെന്നും ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് ഒഴിയുന്ന പ്രശ്നമില്ലെന്നും റെനില്‍ വിക്രമ സിംഗെ

കൊളംബോ: ശ്രീലങ്കയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് അവസാനമാകുന്നില്ല. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന നടത്തിയ അപ്രതീക്ഷിത നീക്കത്തെ എതിര്‍ത്ത് വിക്രമസിംഗെ. ഇപ്പോഴും താനാണ് പ്രധാനമന്ത്രിയെന്നും ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് ഒഴിയുന്ന പ്രശ്നമില്ലെന്നും റെനില്‍ വിക്രമ സിംഗെ പറഞ്ഞു. മഹീന്ദ്ര രാജപക്‌സെയെ പ്രധാനമന്ത്രിയാക്കി കൊണ്ടുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴും ഭൂരിപക്ഷമുള്ള തന്നെ മാറ്റാന്‍ പാര്‍ലമെന്റിന് മാത്രമെ അധികാരമുള്ളുവെന്നും നടപടിക്കെതിരെ താന്‍ നിയമസഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിതോടെ രാജ്യത്ത് ഭരണഘടനാ പ്രതിസന്ധി ഉറപ്പായി.

വെള്ളിയാഴ്ച രാത്രി നടത്തിയ പത്രസമ്മേളനത്തിലും ഇതുതന്നെയാണ് വിക്രമസിംഗെ ആവര്‍ത്തിച്ചത്. ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇപ്പോഴും പ്രധാനമന്ത്രിയായി തന്നെയാണ്. താന്‍ പ്രധാനമന്ത്രിയായി തുടരുകയും ചുമതല വഹിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

Exit mobile version