സൗദി രാജകുമാരന്റെ നിക്ഷേപക കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു;രാജകുമാരന്‍ ഖഷോഗ്ജിയെ വധിക്കുന്ന വ്യാജചിത്രം പതിപ്പിച്ചു

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.

റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട ഖഷോഗ്ജിയെ സല്‍മാന്‍ വധിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം വെബ് സൈറ്റിന്റെ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വെബ്സൈറ്റ് ഹാക്ക് ആയ വിവരം പുറത്തറിഞ്ഞത്.

ദാവോസ് ഇന്‍ ദ ഡെസേര്‍ട്ട് എന്ന് കോണ്‍ഫറന്‍സിന്റെ വെബ് പേജ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉയര്‍ത്തി കാണിക്കാന്‍ വേണ്ടി നടത്തുന്ന കോണ്‍ഫറന്‍സില്‍ വ്യവസായ പ്രമുഖരാണ് പങ്കെടുക്കുക.

നേരത്തെ തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വെച്ച് പത്രപപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പല പ്രമുഖരും ഈ കോണ്‍ഫറന്‍സില്‍ നിന്ന് പിന്മാറിയിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരവധി തവണ വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയ ഖഷോഗ്ജി ഒക്ടോബര്‍ 2 മുതലാണ് കാണാതാകുന്നത്. ഖഷോഗ്ജിയുടെ മരണം രാജ്യാന്തരതലത്തില്‍ സൗദിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Exit mobile version