പൂച്ചക്കുട്ടികളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവാവിനെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി

സിംഗപ്പൂര്‍: ധരിച്ചിരുന്ന പാന്റിനുള്ളില്‍ പൂച്ചക്കുട്ടികളെ കടത്താന്‍ ശ്രമിച്ച യുവാവ് സിങ്കപ്പൂരില്‍ പിടിയില്‍. നാല് പൂച്ചകുട്ടികളെ യുവാവിന്റെ പാന്റിനുള്ളില്‍ നിന്നും കണ്ടെത്തി. മലേഷ്യയില്‍നിന്ന് അതിര്‍ത്തി കടന്ന് സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടുന്നത്.

സിംഗപ്പൂര്‍-മലേഷ്യന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിന് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിക്കുന്നതിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനിടയിലാണ് കാറില്‍നിന്ന് പൂച്ചകുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ യുവാക്കളില്‍ ഒരാളുടെ പാന്റിനുള്ളില്‍നിന്നാണ് പൂച്ചകുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സിഗരറ്റ് അടക്കമുള്ളവ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നത് പതിവാണ്. എന്നാല്‍ പൂച്ചകുട്ടികളെ കടത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടികൂടിയ പൂച്ചകുട്ടികള്‍ സുരക്ഷിതരാണെന്ന് കേസ് അന്വേഷിക്കുന്ന വെറ്റിനറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ എന്തിനാണ് പൂച്ചകുട്ടികളെ കടത്തി സിംഗപ്പൂരിലേക്ക് കൊണ്ടുവന്നതെന്ന് വ്യക്തമല്ലെന്നും അവയെ വളര്‍ത്തുമൃഗമെന്ന രീതിയില്‍ രാജ്യത്ത് വില്‍ക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൃഗങ്ങളെ കടത്തുന്നത് സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും അഞ്ച് ലക്ഷത്തോളം രൂപ പിഴയും ലഭിച്ചേക്കുമെന്നാണ് സൂചന. നിബന്ധനകള്‍ പാലിക്കാതെ സിംഗപ്പൂരില്‍ പൂച്ചകളെ കൊണ്ടുവരാന്‍ സാധിക്കില്ല. അവ ലംഘിച്ചാല്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരും. പൂച്ചകളെ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ നിര്‍ബന്ധമാണ്.

Exit mobile version