അസാധാരണ ശരീരാകൃതി കുടുക്കി; ജീവനുള്ള പാമ്പുകളെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

സ്ഥിരം പരിശോധനക്കിടയിലാണ് അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ജീവനുള്ള അഞ്ച് പാമ്പുകളെ തന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് യുവതി പിടിയില്‍. ഷെന്‍ഷെനിലെ ഫ്യൂട്ടിയന്‍ തുറമുഖത്ത് നടന്ന് സംഭവത്തില്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് പിടിയിലായത്. കോണ്‍ സ്‌നേക്‌സ് എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് യുവതി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

സ്ഥിരം പരിശോധനക്കിടയിലാണ് അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ ശരീര പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളില്‍ പാമ്പുകളെ കണ്ടെത്തിയത്. സ്റ്റോക്കിംഗില്‍ സുരക്ഷിതമായി പൊതിഞ്ഞ്, നെഞ്ചില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകള്‍.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ത്രീക്കെതിരെ നടപടിയെടുക്കുകയും ഇവരില്‍ നിന്നും പിടിച്ചെടുത്ത പാമ്പുകളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version