നായയുടെ ആക്രമണം; രക്ഷപ്പെടാന്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് യുവതി; പക്ഷെ കടിച്ചത് പട്ടിയുടെ ഉടമസ്ഥയായ പെണ്‍കുട്ടി!

ഓക്ലാന്റ്: പ്രഭാതസവാരിക്കിടെ തന്നെ ഓടിച്ച പട്ടിയില്‍ നിന്നും രക്ഷ നേടാനായി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചിട്ടും യുവതിക്ക് കടിയേറ്റു. പക്ഷെ കടിച്ചത് പട്ടിയല്ല, പട്ടിയുടെ ഉടമയാണെന്നു മാത്രം! ഓക്ലാന്റിലാണ് സംഭവം. നായ കടിക്കാനാഞ്ഞപ്പോള്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതില്‍ പ്രകോപിതയായ നായയുടെ ഉടമയായ പെണ്‍കുട്ടി യുവതിയെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അല്‍മാ കല്‍വാലഡര്‍ (19) എന്ന പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോള്‍ഡ് റോഡില്‍ വച്ചാണ് നായ ആക്രമിക്കാനാഞ്ഞത്.

കഴിഞ്ഞദിവസം, പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ അല്‍മയുടെ വളര്‍ത്തുനായ ആക്രമിക്കാനായി ചാടിയിരുന്നു. ഇതിനെ പ്രതിരോധിക്കാനായി നായ്ക്കുനേരെ യുവതി പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. പിറ്റേ ദിവസം പതിവു പോലെ പ്രഭാത സവാരിക്കെത്തിയ യുവതിയെ പട്ടിയുടെ ഉടമയായ അല്‍മാ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് മര്‍ദിച്ച ശേഷം ഇവരുടെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അല്‍മാ കടിച്ച് പരിക്കേല്‍പ്പിച്ചത്. കൈ തണ്ടയിലേറ്റ മുറിവുകള്‍ ആഴത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായ്ക്കളില്‍ നിന്നും രക്ഷനേടാന്‍ ഇവിടങ്ങളില്‍ ആളുകള്‍ പെപ്പര്‍ സ്പ്രേ ഉപയോഗിക്കുക പതിവാണെന്ന് പോലീസ് വ്യക്തമാക്കി. കോടതി അല്‍മയെ വെള്ളിയാഴ്ച്ചവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Exit mobile version