പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; ഹൈക്കോടതിക്ക് മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് പിടികൂടിയെന്ന് പിടിഐ

ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ ആരോപണം നേരിടുന്ന മുൻ ക്രിക്കറ്ററായ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. തെഹ്രീകെ ഇൻസാഫ് പാർട്ടി (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാൻ ഖാനെ ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവെച്ച് പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്‌സാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. അതിന് ശേഷം ഡസനിലേറെ കേസുകൾ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്‌തെന്ന തോഷഖാന കേസിലാണ് അറസ്റ്റ്.

ഈ കേസിൽ മാർച്ച് മാസത്തിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീടിന് സമീപം സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. വാറന്റ് റദ്ദാക്കണമെന്ന് ഹർജി നൽകിയെങ്കിലും 13ന് മുമ്പ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ, ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയക്കുകയായിരുന്നു.

also read- ബംഗാളിൽ ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കില്ലെന്ന് മമത ബാനർജി; യുപിയിൽ നികുതി ഒഴിവാക്കി മന്ത്രിമാരോടൊപ്പം സിനിമ കാണാൻ ഒരുങ്ങി യോഗി

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്‌ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാൻ ഖാനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

Exit mobile version