ഇന്ത്യയുടെ മെഡിക്കല്‍ സംഘവും ഡോഗ് സ്‌ക്വാഡും തുര്‍ക്കിയിലേക്ക്: അടിയന്തര സഹായത്തിന് നന്ദിയറിയിച്ച് തുര്‍ക്കി

ന്യൂഡല്‍ഹി: ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. അടിയന്തര സഹായമെത്തിച്ച സഹായത്തിന് തുര്‍ക്കി നന്ദിയും അറിയിച്ചു. അവശ്യഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥ സുഹൃത്തെന്നും തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായമെത്തിച്ചതിന് നന്ദിയറിയിക്കുന്നതായും ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിറാത്ത് സുനെല്‍ പറഞ്ഞു.

അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുര്‍ക്കി എംബസി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങളേയും മെഡിക്കല്‍ സംഘങ്ങളേയും ദുരിതാശ്വാസ സാമഗ്രികളുമായി എത്രയും പെട്ടെന്ന് തുര്‍ക്കിയിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ ബസാം അല്‍ ഖാത്തിബുമായും കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ചയും നടത്തി.

100 സേനാംഗങ്ങളും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡുകളും അവശ്യസജ്ജീകരണങ്ങളുമായി ഇന്ത്യയില്‍ നിന്നുള്ള രക്ഷാദൗത്യസംഘങ്ങള്‍ തുര്‍ക്കിയിലേക്ക് തിരിക്കാന്‍ തയ്യാറായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. അവശ്യ മരുന്നുകളുമായി പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരുടെ സംഘവും പാരാമെഡിക്കല്‍ സംഘവും തയ്യാറാണെന്നും പിഎംഒ അറിയിച്ചു. അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താബുളിലെ കോണ്‍സുലേറ്റ് ജനറലുമായി കൂടിയാലോചിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു.

രക്ഷാദൗത്യത്തിനും തിരച്ചിലിനുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളുമായി സി-17 വിമാനം തുര്‍ക്കിയിലേക്ക് തിരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന തുര്‍ക്കിയ്ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമത്താവളത്തില്‍ നിന്ന് യാത്ര തിരിച്ച വിമാനം ചൊവ്വാഴ്ച രാവിലെ തുര്‍ക്കിയിലെ അദാനയിലെത്തിച്ചേര്‍ന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങള്‍ കൂടി ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുര്‍ക്കിയിലേക്ക് പുറപ്പെടും. ആഗ്രയിലെ സൈനിക ആശുപത്രിയില്‍ നിന്ന 89 അംഗ മെഡിക്കല്‍ സംഘം ഭൂകമ്പബാധിത പ്രദേശത്തേക്ക് പുറപ്പെടുമെന്ന് പ്രതിരോധവക്താവ് അറിയിച്ചു.

ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ ടീം, ജനറല്‍ സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീം എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ 30 കിടക്കകള്‍, വൈദ്യസഹായ സംവിധാനമൊരുക്കാനുള്ള എക്‌സ്‌റേ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാര്‍ഡിയാക് മോണിറ്റേഴ്‌സ് എന്നിവയും തുര്‍ക്കിയിലെത്തിക്കും.

Exit mobile version