കണ്ണീരായി മൊറോക്കോ; ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു; 1200 പേർക്ക് പരിക്ക്;പേടിച്ച് തെരുവിലുറങ്ങി ജനങ്ങൾ; സുനാമി സാധ്യതയില്ലെന്ന് അറിയിപ്പ്

വാഷിങ്ടൺ: ലോകത്തിന്റെ കണ്ണീരായി മാറുകയാണ് മൊറോക്കോയിലുണ്ടായ ഭൂചലനം. വെള്ളിയാഴ്ച രാത്രി സംഭവിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. പരിക്കേറ്റവരുടെ എണ്ണം 1200 ആയെന്നാണ് മൊറോക്കൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടർമാർ അഭ്യർത്ഥിച്ചു. ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് അടിന്തരമായ സഹായ അഭ്യർത്ഥന.

വെള്ളിയാഴ്ച രാത്രി 11.11 ഓടെയാണ് മൊറോക്കൻ നഗരമായ മാറാകേഷിനും സമീപത്തും ഭൂകമ്പമുണ്ടായത്. ഏറ്റവുമധികം ബാധിക്കപ്പെട്ടതും മാറാകേഷ് നഗരത്തെയാണ്. ഇവിടെ നിരവധി കെട്ടിടങ്ങൾ തകർന്നുവീണിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ളതും പൗരാണികപ്രൗഢിയുള്ളതുമായ നിരവധി കെട്ടിടങ്ങൾ പലതും പൂർണമായോ ഭാഗികമായോ തകർന്നെന്നാണ് വിവരം.

നഗരത്തിൽ എങ്ങും ഭൂകമ്പം ബാധിക്കപ്പെട്ടവരുടെ കാഴ്ചകൾ മാത്രമാണുള്ളത്. വീടിനുള്ളിൽ കിടന്നാൽ തകർന്നുവീഴുമെന്ന ഭയമുള്ളതിനാൽ പലരും തെരുവുകളിലാണ് കിടന്നുറങ്ങുന്നത്.

ALSO READ- ടീമിലേക്ക് പരിഗണിക്കാതിരുന്നത് ഞെട്ടിച്ചു; എന്നാലും ഇന്ത്യയ്ക്കായി പ്രാർത്ഥിക്കും; ലോകകപ്പ് വിജയത്തിനായി ക്ഷേത്രദർശനം നടത്തി ശിഖർ ധവാൻ, ഒപ്പം അക്ഷയ് കുമാറും

ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനചലനത്തേക്കാൾ തീവ്രത കുറവായിരുന്നു.

അതേസമയം, പ്രകമ്പനങ്ങളുടെ തീവ്രത കുറഞ്ഞ് അവസാനിക്കാനാണ് സാധ്യതയെന്നും മൊറോക്കോയുടെ ഭൂകമ്പനിരീക്ഷണകേന്ദ്രത്തിന്റെ മേധാവി ലാഹ്സെൻ മാന്നി പറഞ്ഞു. അതേസമയം സുനാമി സാധ്യത നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version