വിമാനം ലാൻഡ് ചെയ്യാൻ ആയിട്ടും ഉറക്കം ഉണർന്നില്ല; ഒടുവിൽ 25 മിനിറ്റ് വൈകി ലാൻഡിങ്!

അഡിസ് അബാബ: വിമാനം ലാൻഡ് ചെയ്യാൻ സമയമായിട്ടും പൈലറ്റുമാർ ഉറക്കം ഉണരാത്തതോടെ ലാൻഡിങ് വൈകി. എത്യോപ്യൻ എയർലൈൻസ് വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഉണരാതെ ഇവർ ഉറങ്ങിപ്പോയെന്നാണ് റിപ്പോർട്ട്. ബോയിങ് 737-800 ഇ ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്.

സുഡാനിലെ ഖാർതൂമിൽ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഉറങ്ങിപ്പോയത്. ഇതോടെ വിമാനം ലാൻഡ് ചെയ്യാൻ വൈകി. ഈ സംഭവം ഏവിയേഷൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്ളൈറ്റ് മാനേജ്മെന്റ് കമ്പ്യൂട്ടർ (എഫ്എംസി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാൻഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട്, ഇറങ്ങേണ്ട റൺവേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് വിവരം. ഈ സമയത്ത് തന്നെ വിമാനം റൺവേയിൽ ഇറങ്ങാൻ 25 മിനിറ്റലധികം വൈകിയിരുന്നു.

പിന്നീട്, പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി വിമാനം സുരക്ഷിതമായി റൺവേയിലിറക്കുകയായിരുന്നു. ഏവിയേഷൻ അനലിസ്റ്റ് അലക്സ് മക്കെരാസ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ സമാന സംഭവം മെയ് മാസത്തിൽ ന്യൂയോർക്കിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version