സൗദി എയർലൈൻസിൽ മുപ്പതുകാരി പെൺകുഞ്ഞിന് ജന്മം നൽകി

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലാണ് സംഭവം.

റിയാദ്: വിമാനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലാണ് സംഭവം. എസ്.എ 1546 വിമാനത്തില്‍ സൗദി വടക്കുപടിഞ്ഞാറന്‍ നഗരമായ തബൂക്കില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് ബംഗ്ലാദേശ് സ്വദേശിനി കുഞ്ഞിനെ പ്രസവിച്ചത്.

യുവതി വിമാനത്തില്‍ വെച്ച് പ്രസവിച്ചതായി ക്യാപ്റ്റന്‍, ജിദ്ദ എയര്‍പോര്‍ട്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണങ്ങള്‍ നല്‍കാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ മെഡിക്കല്‍ സംഘം സുസജ്ജമായി.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സൗദി വനിതാ പാരാമെഡിക്കല്‍ ജീവനക്കാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം യുവതിയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യ നില ഭദ്രമായത് ഉറപ്പുവരുത്തിയ ശേഷം ഇരുവരെയും പിന്നീട് ആംബുലന്‍സില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി.

Exit mobile version