ഓരോ സെല്‍ഫിയും കഠിനമായ വേദനയ്ക്ക് വഴിമാറും; ഗുരുതരമായ ‘ന്യൂജെന്‍ രോഗം’ സ്ഥിരീകരിച്ച് യുഎസ് ഡോക്ടര്‍മാര്‍

ഓരോ സെല്‍ഫിയും ഭാവിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് വഴിമാറുമെന്ന് ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍.

വാഷിങ്ടണ്‍: ഓരോ സെല്‍ഫിയും ഭാവിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് വഴിമാറുമെന്ന് ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍. കാലിഫോര്‍ണിയയിലെ ഡോക്ടര്‍മാരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതു മൂലം സെല്‍ഫി റിസ്റ്റ് എന്ന പുതിയ ആരോഗ്യ പ്രശ്‌നം വര്‍ധിക്കുന്നതായാണ് വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രത്തിന്റെ മറ്റൊരു വകഭേദമാണ് സെല്‍ഫി റിസ്റ്റ്.

സെല്‍ഫി റിസ്റ്റ് ഉള്ളവര്‍ക്ക് കൈപത്തി വളച്ചാലും ഫോണ്‍ അമിത നേരം കൈയ്യില്‍ പിടിച്ചാലും കടുത്ത വേദന ഉണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേരില്‍ ഡോക്ടര്‍മാര്‍ സെല്‍ഫി റിസ്റ്റിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഐറിഷ് മെഡിക്കല്‍ ജേണലില്‍ പറയുന്നു.

2011 ഒക്ടോബര്‍ മുതല്‍ 2017 നവംബര്‍ വരെ ലോകത്താകമാനം സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് 259 പേര്‍ മരിച്ചതായി 2018ല്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ, അമേരിക്ക, പാകിസ്താന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. സെല്‍ഫി മരണങ്ങള്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നമായി കാണണമെന്നും വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഈ പഠനത്തില്‍ പറഞ്ഞിരുന്നു.

Exit mobile version