ലോകത്താദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച് ചൈന : രോഗം 4 വയസ്സുകാരന്

ബെയ്ജിങ് : കോവിഡിന് പിന്നാലെ ലോകത്താദ്യമായി മനുഷ്യരില്‍ പക്ഷിപ്പനിയും (എച്ച്3എന്‍8) സ്ഥിരീകരിച്ച് ചൈന. മധ്യ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.

പനി സ്ഥിരീകരിച്ച വിവരം ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനാണ് പുറത്തു വിട്ടത്. പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസമാദ്യമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴിയെ വളര്‍ത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ കാട്ടുതാറാവുകള്‍ ഏറെയുള്ള പ്രദേശത്താണ് ഇവര്‍ താമസിക്കുന്നതും. അതുകൊണ്ട് തന്നെ പക്ഷികളില്‍ നിന്ന് കുട്ടിയെ നേരിട്ട് വൈറസ് ബാധിച്ചതാകാമെന്നാണ് നിഗമനം.

മനുഷ്യരില്‍ കാര്യമായ സ്വാധീനം ചെലുത്താനുള്ള കഴിവ് ഈ വൈറസുകള്‍ക്കില്ലെന്നാണ് ആരോഗ്യവിഭാഗം നല്‍കുന്ന സൂചന. എന്നിരുന്നാലും അസുഖമുള്ളതോ ചത്ത് കിടക്കുന്നതോ ആയ പക്ഷികളില്‍ നിന്നും അകലം പാലിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2002ല്‍ നോര്‍ത്ത് അമേരിക്കയില്‍ വാട്ടര്‍ഫൗള്‍ എന്നയിനം പക്ഷികളിലാണ് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി പരത്തുന്ന വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുതിര,പട്ടി,നീര്‍നായ തുടങ്ങിയവയിലും ഇതേ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യനെ ബാധിച്ചതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

Exit mobile version