ഒറ്റക്കുട്ടി നയം തിരിച്ചടിയായി: കുട്ടികളുണ്ടാകാന്‍ ദമ്പതികള്‍ക്ക് 25 ലക്ഷത്തിന്റെ ലോണ്‍, പ്രസവാവധിയും പിതൃത്വ അവധിയും നീട്ടി നല്‍കി ചൈന

ബെയ്ജിംഗ്: ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണ് ചൈന. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. 140 കോടിയാണ് നിലവില്‍ ചൈനയിലെ ജനസംഖ്യ. എന്നാല്‍, ചൈന ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ്.

ജനസംഖ്യ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ജനന നിരക്ക് കൂട്ടാന്‍ ദമ്പതികള്‍ക്ക് ബേബി ലോണ്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈന ഭരണകൂടം.

വടക്ക്കിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യ കുട്ടികളുണ്ടാവാന്‍ വേണ്ടി വിവാഹിതരായ ദമ്പതികള്‍ക്ക് 31,000 ഡോളറാണ് ലോണായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ആദ്യത്തില്‍ പുറത്തുവന്ന ചൈനയുടെ സെന്‍സസ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ചൈന ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തിയിരുന്നു.

രണ്ടുകുട്ടി നയം തിരുത്തി മൂന്ന് കുട്ടികള്‍ ആവാമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിരുന്നു. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ജിലിന്‍, ലിയോണിങ്, ഹീലോങ്ജിയാങ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ പ്രവിശ്യകളിലാണ് ജനസംഖ്യാ പ്രശ്നം രൂക്ഷമായിട്ടുള്ളത്.

വിവാഹം വൈകിപ്പിക്കുകയോ, കുടുംബാസൂത്രണം നടത്തുകയോ, താമസക്കാര്‍ ജോലിക്കായി മറ്റു പ്രവിശ്യകളിലേക്ക് പോവുകയോ ഒക്കെ ചെയ്യുന്നതാണ് ഇവിടെ സ്ഥിതി മോശമാവാന്‍ കാരണം. ഈ പ്രവിശ്യകളില്‍ 2010 നെ അപേക്ഷിച്ച് 2020ല്‍ ജനസംഖ്യ 10.3 ശതമാനമാണ് കുറഞ്ഞത്. ജിലിന്‍ പ്രവിശ്യയില്‍ 12.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 1980ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഡെങ് ജിയാവോപിങ് ആണ് രാജ്യത്ത് ഒറ്റക്കുട്ടി നയം നടപ്പാക്കിയത്.

എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. രാജ്യത്ത് വൃദ്ധന്‍മാരുടെ എണ്ണം കൂടുകയും യുവാക്കള്‍ കുറയുകയും ചെയ്തത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതോടെയാണ് 2016ല്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് കുട്ടികളാവാമെന്ന നിലപാടിലെത്തിയത്. ഇതും ഫലപ്രദമാവാത്തതിനെ തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ വരെയാവാമെന്ന് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ വര്‍ഷം ആഗസ്റ്റില്‍ തീരുമാനിച്ചത്.

1980ല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ഒറ്റക്കുട്ടിനയം നടപ്പാക്കിയത്. നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ഉപരോധം തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതും വിമര്‍ശനത്തിന് കാരണമായിരുന്നു. 2016ല്‍ രാജ്യം നയംമാറ്റിയെങ്കിലും ഉയര്‍ന്ന ജീവിതച്ചെലവും നീണ്ട ജോലി സമയവും മൂലം ജനങ്ങള്‍ ഇതോട് മുഖംതിരിക്കുകയായിരുന്നു.

ഒറ്റക്കുട്ടി നയത്തോട് ജനങ്ങള്‍ സാംസ്‌കാരികമായി ഇഴുകിച്ചേര്‍ന്നതും പുതിയ നയം ജനങ്ങള്‍ സ്വീകരിക്കുന്നതിന് തടസ്സമായി. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവാണ് കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കാനുള്ള പ്രധാന കാരണം.

2005ല്‍ നടന്ന ഒരു പഠനത്ത ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ഒരു സാധാരണ കുടുംബത്തിന് ഒരു കുട്ടിയെ വളര്‍ത്തുന്നതിന് 490,000 യുവാന്‍ (ഏകദേശം 57.6) ലക്ഷം രൂപ ചെലവായിരുന്നു. 2020ല്‍ ഈ തുക നാലിരട്ടിയായി വര്‍ധിച്ചു. രാജ്യത്ത് ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള ചെലവ് 1.99 ദശലക്ഷം യുവാന്‍ (ഏകദേശം 2.35 കോടി രൂപ) ആയി ഉയര്‍ന്നതായാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്.

ജനസംഖ്യാ വര്‍ധനയ്ക്കായി വേറെയും ക്ഷേമപദ്ധതികള്‍ ജിലിന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പ്രവിശ്യകളിലെ കുട്ടികളുള്ള ദമ്പതികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നല്‍കും. പ്രവിശ്യയിലെ എല്ലാ പൊതുസേവനങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്യും. മൂന്നോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയാല്‍ നികുതി ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രസവാവധിയും പിതൃത്വ അവധിയും ജിലിന്‍ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേരത്തെ 158 ദിവസമായിരുന്നു പ്രസവാവധി. ഇത് 180 ആക്കി നീട്ടിയിട്ടുണ്ട്. പിതൃത്വ അവധി 15ല്‍നിന്ന് 25 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികള്‍ക്ക് മൂന്നു വയസാകുംവരെ ഓരോ വര്‍ഷവും 20 ദിവസം മാതൃത്വ-പിതൃത്വ അവധിയും ലഭിക്കും.

Exit mobile version