കര്‍ഷകസമരത്തിനുള്ള ഐക്യദാര്‍ഢ്യമെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികര്‍ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കരസേന. ഒരു സമരപ്പന്തലിന് താഴെ സൈനികര്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോയ്ക്കാണ് പ്രതികരണവുമായി സൈന്യം രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പഞ്ചാബ് റെജിമെന്റിലെ സൈനികര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട വീഡിയോ വളരെ പെട്ടന്നാണ് പ്രചരിച്ചത്. വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിച്ചതോടെ വിശദീകരണവുമായി കരസേന രംഗത്തെത്തുകയായിരുന്നു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 11 മാസത്തോളമായി സമരത്തിലാണ്. സമരത്തിനിടെ 750ഓളം കര്‍ഷകര്‍ മരിച്ചെന്ന് സമരനേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്.

Exit mobile version