ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടു; സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്

സ്‌റ്റോക്ക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാധ്യപ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറഡോവുമാണ് (59) സമ്മാനത്തിന് അർഹരായത്.

ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങൾ മാനിച്ചാണ് നോർവീജീയൻ നൊബേൽ കമ്മിറ്റി ഇരുവർക്കും പുരസ്‌കാരം നൽകിയത്.


റഷ്യൻ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററർ ഇൻ ചീഫാണ് ദിമിത്രി മുറടോവ്. സർക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങൾക്കുമെതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.

റെസ്സ ഫിലിപ്പീൻസിലെ ഓൺലൈൻ മാധ്യമമായ റാപ്ലറിന്റെ സിഇഒയാണ്. നേരത്തെ സിഎൻഎന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെയും പേരിൽ ഫിലിപ്പീൻസിൽ ആറു വർഷം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവർക്കെതിരേ ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സീഡ്‌സ് ഓഫ് ടെറർ: ആൻ ഐവിറ്റ്‌നസ് അക്കൗണ്ട് ഓഫ് അൽഖൈ്വദാസ് ന്യൂവസ്റ്റ് സെന്റർ, ഫ്രം ബിൻ ലാദൻ ടു ഫേസ്ബുക്ക്: 10 ഡെയ്‌സ് ഓഫ് അബ്ഡക്ഷൻ, 10 ഇയേഴ്‌സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ്സ എഴുതിയിട്ടുണ്ട്.

Exit mobile version