താലിബാൻ സർക്കാരിൽ പ്രതിരോധ മന്ത്രി കാണ്ഡഹാർ വിമാനറാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ

കാബൂൾ: കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ താലിബാൻ നേതൃത്വത്തിലുള്ള പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നു. 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 വിമാനം റാഞ്ചിയ സംഭവത്തിന്റെ സൂത്രധാരനും താലിബാൻ സ്ഥാപക നേതാവുമായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി. യാക്കൂബിനെ കൂടാതെ ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സിറാജുദ്ദീൻ ഹഖാനി, മുല്ല ഹസ്സൻ അഖുണ്ട് തുടങ്ങിയവരും പുതിയ താലിബാൻ സർക്കാരിന്റെ ഭാഗമാണ്.

അന്ന് ഇന്ത്യൻ ജയിലുകളിൽ കഴിഞ്ഞിരുന്ന തീവ്രവാദികളെ മോചിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ടാണ് ഇന്ത്യൻ എയർലൈൻസ് വിമാനം തീവ്രവാദികൾ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയത്. ഇതിനേത്തുടർന്ന് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, അൽ ഉമർ മുജാഹിദ്ദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗാർ, ബ്രിട്ടീഷ് വംശജനായ അൽഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് ശൈഖ് എന്നിവരെ ഇന്ത്യ അന്ന് വിട്ടയച്ചിരുന്നു.

വിമാനത്തിലെ 176 യാത്രക്കാരെ ഇതിനായി ഏഴ് ദിവസത്തോളം ഇവർ ബന്ദികളാക്കിയിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടെങ്കിലും വിമാനത്തിൽ കയറിക്കൂടിയ 5 ഭീകർ വിമാനം ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ പിന്തുണയോടെയായിരുന്നു വിമാനം റാഞ്ചിയത്.

Exit mobile version