സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ഒരേ ഒരു ലോകനേതാവ്; ലോകത്തെ ഞെട്ടിച്ച് റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ഒരേ ഒരു ലോകനേതാവ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ മാത്രമായിരിക്കും.

താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് പുടിന്‍ മുന്‍പേ പറഞ്ഞിട്ടുണ്ടെങ്കിലും അത് അധികമാരും വിശ്വസിച്ചിരുന്നില്ല. എന്നാലിതാ സംഭവം സത്യമാണെന്ന വിശദീകരണവുമായി ക്രെംലിന്‍ വക്താവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രസിഡന്റ് ഇന്നുവരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും വിവരശേഖരണത്തിനും വിനിമയത്തിനുമായി മറ്റ് മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ദിമിത്രി പിസ്‌കോവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

പത്രമാധ്യമങ്ങളും ടിവിയും കമ്പ്യൂട്ടറും വിവരങ്ങള്‍ അറിയുന്നതിനായി പുടിന്‍ ഉപയോഗിക്കുന്നുണ്ട്. റഷ്യയെ പോലൊരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ശരിയാവില്ലെന്നാണ് പിസ്‌കോവ് പറയുന്നത്. മാത്രമല്ല, ഒന്നിലധികം ആളുകളോട് വിവരങ്ങള്‍ തേടിയ ശേഷം മാത്രമേ പ്രസിഡന്റ് ഒരു കാര്യം വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ദീര്‍ഘനാള്‍ സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പുടിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തനിക്ക് സ്മാര്‍ട്ട്‌ഫോണിന്റെയോ എന്തിന് മൊബൈല്‍ ഫോണിന്റെയോ ആവശ്യമില്ലെന്നായിരുന്നു 2010 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പുടിന്‍ വെളിപ്പെടുത്തിയത്.

‘അതിങ്ങനെ എപ്പോഴും ബെല്ലടിച്ചു കൊണ്ടേയിരിക്കും’ എന്നായിരുന്നു അന്ന് പുടിന്‍ തമാശ രൂപേണ പറഞ്ഞത്. അദ്ദേഹത്തിന് സ്വന്തമായ് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനോട് ഒട്ടും താത്പര്യമില്ലെന്നും ക്രെംലിന്‍ വക്താവ് പറയുന്നു

Exit mobile version