പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധപ്രഖ്യാപനത്തിന് സമമെന്ന് പുടിന്‍

മോസ്‌കോ : ഉക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ എയ്‌റോഫ്‌ളോട്ട് പരിശീലന കേന്ദ്രത്തിലെ വനിതാ ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രെയ്‌നില്‍ വിമാന നിരോധിത മേഖല പ്രഖ്യാപിക്കാനുള്ള ഏത് നീക്കവും യുദ്ധത്തിലേര്‍പ്പെടുന്നതിന് തുല്യമാണെന്നും ഉക്രെയ്ന്‍ അധിനിവേശം തങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പോലെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഉക്രെയ്‌നില്‍ ഏതെങ്കിലും തരത്തില്‍ വിമാന നിരോധിത മേഖല പ്രഖ്യാപിക്കാനുള്ള നീക്കമുണ്ടായാല്‍ അത് യുദ്ധമായി തന്നെ റഷ്യ കണക്കാക്കും. ഉക്രെയ്‌നെ നാസിമുക്തവും സൈനിക മുക്തവുമാക്കി റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുകയാണ് സൈനിക നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഉക്രെയ്‌നും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇത് അധിനിവേശമായി കണക്കാക്കി.” പുടിന്‍ പറഞ്ഞു.

നിലവില്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണ് ഉക്രെയ്‌നിലെ സൈനിക നടപടി മുന്നോട്ട് പോകുന്നതെന്നും റഷ്യയില്‍ സൈനിക നിയമം പ്രഖ്യാപിക്കേണ്ട സാഹചര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുടിന്‍ ആസൂത്രണം ചെയ്തത് പോലെയല്ല റഷ്യ-ഉക്രെയ്ന്‍ യുദ്ധം മുന്നോട്ട് പോകുന്നതെന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്ക്ക് മറുപടിയായായിരുന്നു പുടിന്റെ പ്രതികരണം.

Exit mobile version