ഒളിംപിക്‌സ് സ്വപ്‌നം പൊലിഞ്ഞു: സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

ടോക്കിയോ: ഒളിംപിക്‌സ് 100മീ.ബട്ടര്‍ ഫ്‌ലൈയില്‍ മലയാളിതാരം സജന്‍ പ്രകാശ് സെമി ഫൈനല്‍ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ മികച്ച 16 പേരില്‍ ഒരാളായി സെമി ഫൈനലിലെത്താന്‍ കഴിഞ്ഞില്ല. സമയം:53.45.

ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിക്കുന്ന 16 പേരാണ് സെമി ഫൈനലിന് യോഗ്യത നേടുക. ഇതോടെ നീന്തലില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അതേസമയം, ഒളിംപിക്‌സ് ബോക്‌സിങ് 51 കിലോ വിഭാഗത്തില്‍ മേരി കോമും പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് തോറ്റു. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ ജേതാവാണ് മേരി കോം. മേരി കോമിന്റെ അവസാന ഒളിംപിക്‌സാണിത്.

പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനും ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവിനും പിന്നാലെ പുരുഷന്‍മാരുടെ ബോക്‌സിങ് സൂപ്പര്‍ ഹെവിവെയ്റ്റ് (91 കിലോഗ്രാം) വിഭാഗത്തില്‍ ഇന്ത്യന്‍ താരം സതീഷ് കുമാറും ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 41ന് മറികടന്നാണ് സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ കടന്നത്.

അമ്പെയ്ത്തില്‍ ഷൂട്ട് ഓഫിലേക്കു നീണ്ട ആവേശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ മൂന്നാം സീഡായ ഓഹ് ജിന്‍ ഹിയെക്കിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പുരുഷവിഭാഗം റീകര്‍വ് വ്യക്തിഗത ഇനത്തില്‍ പ്രീ ക്വാര്‍ട്ടറിലുമെത്തി.

ആദ്യ അഞ്ച് സെറ്റില്‍ ഇരുവരും തുല്യത പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താന്‍ ഷൂട്ട് ഓഫ് വേണ്ടി വന്നത്. ഷൂട്ട് ഓഫിലെ ആദ്യ ശ്രമത്തില്‍ 10 പോയിന്റും നേടിയ അതാനു ദാസ്, ഒന്‍പത് പോയിന്റ് നേടിയ എതിരാളിയെ പിന്തള്ളി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും സ്വര്‍ണം നേടിയ താരമാണ് ഹിയെക്ക്. നേരത്തെ, ചൈനീസ് തായ്‌പേയിയുടെ യൂ ചെങ് ദേങ്ങിനെ 64ന് മറികടന്നാണ് അതാനു ദാസ് മുന്നേറിയത്.

പുരുഷ വിഭാഗം ഹോക്കിയില്‍ പൂള്‍ എയില്‍ മൂന്നാം ജയം കുറിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബാഡ്മിന്റനില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പി.വി. സിന്ധു, വനിതാ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ ലോക 12ാം നമ്പര്‍ താരം മിയ ബ്ലിച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഏഴാം റാങ്കുകാരിയായ സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-15, 21-13.

Exit mobile version