കോവിഡ് മൂന്നാം തരംഗം വ്യാപിച്ചുകഴിഞ്ഞു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കോവിഡ് ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ മുന്നറിയിപ്പ്.

‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.

ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്നു.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 10 ആഴ്ചത്തോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കല്‍ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സമഗ്രമായ റിസ്‌ക് മാനേജ്മെന്റ് സമീപനംവേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

കോവിഡ് വാക്സിനുകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങള്‍ വൈറസിനെതിരായ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ടു-ട്രാക്ക് മഹാമാരിയുണ്ടാകുന്നു. വാക്സിനുകള്‍ ലഭ്യമായ രാജ്യങ്ങള്‍ക്കുള്ളതാണ് ഒരു ട്രാക്ക്. അവര്‍ നിയന്ത്രണങ്ങള്‍ നീക്കുകയും വിപണികള്‍ തുറന്നിടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രാക്ക് വാക്സിന്‍ ലഭ്യമല്ലാത്തവര്‍ക്കുള്ളതാണ്. ‘വൈറസിന്റെ കാരുണ്യ’ത്തില്‍ അവര്‍ അവശേഷിക്കുന്നു’ ടെഡ്രോസ് അഥനോം പറഞ്ഞു.

അതേസമയം, സെപ്റ്റംബറോടെ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തരംഗത്തില്‍ പ്രതിദിനം 2 ലക്ഷം മുതല്‍ 5 ലക്ഷം വരെ കോവിഡ് കേസുകള്‍ പ്രതീക്ഷിക്കാം. രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ കോവിഡ് കേസുകള്‍ മെയില്‍ പ്രതിദിനം 4 ലക്ഷം വരെ എത്തിയിരുന്നു.

കോവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് പ്രതിദിനം 98,000 വരെയാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. വാക്സിനേഷന്‍ വ്യാപകമാക്കാനായാല്‍ രണ്ടാം തരംഗത്തിന്റെ അത്ര ഉയര്‍ന്ന തോതിലുള്ള കേസുകള്‍ മൂന്നാം തരംഗ വേളയില്‍ ഇന്ത്യ നേരിടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തിന് പോലും ഇനിയും വാക്സിനേഷന്റെ രണ്ട് ഡോസുകളും നല്‍കാന്‍ സാധിച്ചിട്ടില്ല.

Exit mobile version