ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന

ഭൂമിയിലെ ആകെ ജനസംഖ്യയില്‍ 99 ശതമാനവും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ അംഗീകരിച്ചിരിക്കുന്ന പരിധികള്‍ക്കും അപ്പുറമാണ് നിലവില്‍ വായുവിലടങ്ങിയിരിക്കുന്ന മാലിന്യത്തിന്റെ തോത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മെഡിക്കല്‍ സയന്റിസ്റ്റ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വാഹനങ്ങളില്‍ നിന്നുയരുന്ന പുകയാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണമെന്നും അതിനാല്‍ ഇവ പുറന്തള്ളപ്പെടുന്നതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും സംഘടന വിലയിരുത്തി. നാല് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ 90 ശതമാനം പേര്‍ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയിരുന്നത്. കോവിഡ് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും മൂലം വായു മലിനീകരണത്തില്‍ ചെറിയ കുറവുണ്ടായിരുന്നുവെങ്കിലും ഇത് വീണ്ടും തുടരുകയാണെന്നും സംഘടന ഓര്‍മിപ്പിച്ചു.

ഒരു വര്‍ഷം ശരാശരി നാല്പത്തിരണ്ട് ലക്ഷത്തിലധികം ആളുകളാണ് പുറമേയുള്ള മലിനവായു ശ്വസിച്ച് മരിക്കുന്നത്. മുപ്പത്തിയെട്ട് ലക്ഷം പേര്‍ വീട്ടില്‍ സ്റ്റൗവില്‍ നിന്നും മറ്റുമുള്ള പുക ശ്വസിച്ചും മരിക്കുന്നു. വായു മലിനീകരണം രാജ്യങ്ങളെയെല്ലാം ഒരു പോലെ ബാധിക്കുന്നതാണെങ്കിലും ദരിദ്ര രാജ്യങ്ങളിലാണ് മലിനീകരണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥാനം പറഞ്ഞു.

Exit mobile version