ബംഗ്ലദേശില്‍ ജ്യൂസ് ഫാക്ടറിയില്‍ തീപിടുത്തം, 52 പേര്‍ മരിച്ചു : അമ്പതോളം പേര്‍ക്ക് പരിക്ക്

Bangladesh fire | Bignewslive

ധാക്ക : ബംഗ്ലദേശിലെ ധാക്കയില്‍ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഷെസന്‍ ജ്യൂസ് ഫാക്ടറിയിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തീപിടുത്തമുണ്ടായത്.

ഫാക്ടറി പ്രവര്‍ത്തിക്കുന്ന ആറ് നില കെട്ടിടത്തിന്റ കെമിക്കലുകളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിക്കുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. കെട്ടിടത്തിലുണ്ടായിരുന്ന പലരും ജനലുകളില്‍ കൂടി പുറത്തേക്ക് ചാടിയാണ് രക്ഷപെട്ടത്. പതിനെട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ പകുതിയെങ്കിലും അണച്ചത്. ഫാക്ടറിയിലുണ്ടായിരുന്ന നാല്പ്പത്തിനാലോളം പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.തീ പടര്‍ന്നു പിടിക്കുമ്പോഴും ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും ആകെയുള്ള ഫയര്‍ എക്‌സിറ്റും അടഞ്ഞ് കിടക്കുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ടവരും ബന്ധുക്കളും അറിയിച്ചു. കെട്ടിടത്തിന് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

അതേസമയം തീ പൂര്‍ണമായി അണയ്ക്കാതെ അപകടത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് നാരായണ്‍ഗഞ്ച് ജില്ലയുടെ ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ അറഫിന്‍ അറിയിച്ചു. തീ പൂര്‍ണമായി അണയ്ക്കാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

Exit mobile version