ഒടുവിൽ സ്വന്തം സൈനികരുടെ രക്തസാക്ഷിത്വം അംഗീകരിച്ച് ചൈന; ഗാൽവൻ താഴ്‌വരയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തുവിട്ടു

galwan | World news

ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ചൈന. ഗാൽവൻ ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചാണ് പേര് വിവരങ്ങൾ വെളിപ്പെടുത്തിയത്.

സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് മരണാനന്തര ബഹുമതികൾ നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജൂണിലാണ് ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. നാല് സൈനികർ കൊല്ലപ്പെട്ടെന്നാണ് ചൈനയുടെ വെളിപ്പെടുത്തൽ. തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേർ കൊല്ലപ്പെട്ടുവെന്ന് ചൈന വ്യക്തമാക്കിയിരുന്നില്ല.

ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്‌റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവർ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ചെന്നിന് മരണാനന്തര ബഹുമതിയായ ”ഗാർഡിയൻ ഓഫ് ഫ്രോണ്ടിയർ ഹീറോ”എന്ന പദവി നൽകി ചൈന ആദരിച്ചു. മറ്റ് മൂന്ന് പേർക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നൽകി.

ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഴുവൻ സൈനികരുടെയും പേരു വിവരങ്ങളും പുറത്തുവിട്ടിരുന്നു.

Exit mobile version