ഇനി ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്

facebook

വാഷിങ്ടൺ: ഫേസ്ബുക്കിലെ രാഷ്ട്രീയ ചർച്ചകളുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങൾ കുറയ്ക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു.

ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളിൽ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം നടപ്പാക്കാനാണ് കമ്പനി ശ്രമങ്ങൾ. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കർബർഗ് പറഞ്ഞു.

‘അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനോ ഇത്തരം ചർച്ചകൾ സഹായകമാകാം. എന്നാൽ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താൽപര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ച പ്രധാന പ്രതികരണം.’ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിലെ ഉപയോക്താക്കൾക്ക് രാഷ്ട്രീയ സിവിക് ഗ്രൂപ്പുകളെ ശുപാർശ ചെയ്യുന്നത് ഫേസ്ബുക്ക് അവസാനിപ്പിച്ചിരുന്നു.

ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോൾ കലാപത്തിന് പ്രോത്സാഹനം നൽകിയെന്ന വിമർശനത്തോടെയാണ് രാഷ്ട്രീയം കുറയ്ക്കാൻ ആഗോളതലത്തിൽ തന്നെ ഫേസ്ബുക്ക് ശ്രമം നടത്തുന്നത്.

Exit mobile version