പ്രിയങ്ക ഉൾപ്പടെ എട്ട് സ്ത്രീകൾ; 20 അംഗ മന്ത്രിസഭയിൽ ആദിവാസി-എൽജിബിടി-വിദേശ വംശജരും; വൈവിധ്യം നിറഞ്ഞ് ജസീന്ത ആർഡേൻ മന്ത്രിസഭ

ഓക്‌ലൻഡ്: റെക്കോർഡ് ഭൂരിപക്ഷത്തോടെ ന്യൂസിലാൻഡിൽ വീണ്ടും അധികാരത്തിലേറിയ ജസീന്ത ആർഡേൻ തന്റെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളെ കൊണ്ടും പുതുചരിത്രം രചിച്ചിരിക്കുന്നു. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ഉൾപ്പടെയുള്ള വിദേശ വംശജരും സ്ത്രീകളും ആദിവാസി ഗോത്ര വിഭാഗക്കാരും ലൈംഗിക ന്യൂനപക്ഷങ്ങളും നിറഞ്ഞതാണ് ജസീന്തയുടെ 20 അംഗമന്ത്രിസഭ. ‘കഴിവും അർഹതയും ചേർന്ന മന്ത്രിസഭയാണിത്. കൂടാതെ വളരെയധികം വൈവി്യമാർന്നതുമാണ്’- തന്റെ മന്ത്രിസഭയെ അവതരിപ്പിച്ച് 40കാരിയായ ജസീന്ത തിങ്കളാഴ്ച പറഞ്ഞു.

20അംഗ മന്ത്രിസഭയിലെ എട്ടു പേർ സ്ത്രീകളാണ്. എൽജിബിടി വിഭാഗത്തിൽ നിന്ന് മൂന്ന് പേരും മാവോരി ആദിവാസി ഗോത്രവിഭാഗത്തിൽ നിന്ന് അഞ്ച് പേരും മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട മുൻ ധനമന്ത്രി ഗ്രാൻഡ് റോബർട്‌സൺ ആകട്ടെ താനൊരു സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. സാമ്പത്തിക മന്ത്രാലയത്തിന്റെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ്.

49കാരനായ ഗ്രാൻഡ് റോബർട്‌സണായിരുന്നു തെരഞ്ഞെടുപ്പിൽ ജസീന്തയുടെ പ്രചാരണത്തിന് ചുക്കാൻപിടിച്ചത്. നേതൃഗുണങ്ങളാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലേക്ക് പരിഗണിച്ചതെന്നും വ്യക്തിത്വമല്ലെന്നുമാണ് ജസീന്ത വ്യക്തമാക്കി. അതേസമയം, ഇതാദ്യമായാണ് സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാൾ ഉപപ്രധാനമന്ത്രി പദവിയിലെത്തുന്നത്.

മാവോറി ആദിവാസി വിഭാഗത്തിൽപ്പെട്ട നനയ്യ മഹൂത്തയെയാണ് ജസീന്ത വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏൽപിച്ചിരിക്കുന്നത്. മലയാളിയും തന്റെ അടുത്ത സുഹൃത്തുമായ പ്രിയങ്ക രാധാകൃഷ്ണന് സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് ജസീന്ത നൽകിയത്. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്ക രണ്ടാം തവണയാണ് ന്യൂസീലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്.

നേരത്തെ, 48.9 ശതമാനം വോട്ടുകൾ നേടിയാണ് ജസീന്തയുടെ ലേബർ പാർട്ടി ന്യൂസിലാൻഡിൽ തുടർച്ചയായി അധികാരം നേടിയത്. 1996ൽ നിലവിലെ രാഷ്ട്രീയ സംവിധാനം നിലവിൽ വന്ന ശേഷം പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഗ്രീൻസ് പാർട്ടിയുടെ രണ്ട് അംഗങ്ങളെ ജസീന്ത മന്ത്രിമാരാക്കിയിട്ടുണ്ട്. 120 അംഗ പാർലമെന്റിൽ ലേബർ പാർട്ടി 64 സീറ്റുകൾ നേടി ഒറ്റക്ക് ഭൂരിപക്ഷം നേടിയിരുന്നു. കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഭരണമികവിനാണ് ജസീന്തയ്ക്ക് തുടർ ഭരണം ലഭിച്ചത്. വെള്ളിയാഴ്ചയാണ് പുതിയ സർക്കാർ സ്ഥാനമേൽക്കുന്നത്.

Exit mobile version