കൊവിഡ് വ്യാപനം രൂക്ഷം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിൻ

മാഡ്രിഡ്: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനാകാതെ ആശങ്ക വർധിക്കുന്നതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിൻ. പ്രധാനമന്ത്രി പെട്രോ സാഞ്ചസ് ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ഇതുപ്രകാരം രാത്രി 11 മണി മുതൽ രാവിലെ ആറുമണിവരെയുള്ള സഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തി. മെയ് ആദ്യ വാരം വരെ അടിയന്തരാവസ്ഥ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായെന്നും അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാൽ, കാനറി ദ്വീപുകളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ ആറുപേരിൽ കൂടുതൽ പേർ ഒത്തുചേരുന്നതിന് കർശനമായ വിലക്കുണ്ട്. കൊവിഡ് പ്രതിരോധ സംവിധാനങ്ങളായ മാസ്‌കും, സാമൂഹിക അകലവും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
സ്‌പെയിനിൽ മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളിലേതുപോലെ തന്നെ കൊവിഡ് 19 രോഗത്തിന്റെ രണ്ടാം വ്യാപന ഭീഷണി അതിരൂക്ഷമായി തുടരുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ കടുത്ത തീരുമാനമെന്നും പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു.

കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർഫ്യൂ ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുമുണ്ട്. ഇതുവരെ പത്ത് ലക്ഷത്തിലേറെ പേർക്കാണ് സ്‌പെയിനിൽ കൊവിഡ് സ്ഥിരീകരിച്ചത്. 34752 പേർ രോഗം ബാധിച്ച് മരിച്ചു.

Exit mobile version