ഫ്രാൻസിൽ പ്രതിഷേധം ശക്തം; കുടിയേറ്റ നിയമം തിരുത്തുന്നു; 231 വിദേശികളെ നാടുകടത്തും

പാരിസ്: ഫ്രാൻസ് കുടിയേറ്റനയം തിരുത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് പുതിയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാർലി ഹെബ്ദോ മാഗസിൻ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂൺ ക്ലാസ് റൂമിൽ കാണിച്ചതിന്റെ പേരിൽ ചരിത്രാധ്യാപകനെ 18കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഫ്രാൻസിൽ പുതിയ നീക്കങ്ങൾ. ചരിത്രാധ്യാപകന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സാമുവേൽ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികളുൾപ്പെടെ സർക്കാരിനു മേൽ കുടിയേറ്റ നയത്തിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേർന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകൻ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോൺ തന്റെ പ്രസ്താവനയിൽ പറഞ്ഞത്.

ഇതിനിടെ തീവ്രവാദ ആശയങ്ങൾ പുലർത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ ഫ്രാൻസിൽ നിന്ന് പുറത്താക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഫ്രാൻസിൽ അഭയാർത്ഥി പദവി നേടാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകിയതായും യൂറോപ്പ് 1 എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ പുറത്താക്കുന്നവരിൽ 180 പേർ നിലവിൽ ജയിലിലുണ്ടെന്നും ബാക്കിയുള്ളവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്.

Exit mobile version