പുതിയ കാറാണ് ഗ്ലാസ് തകര്‍ക്കരുതെന്ന് പിതാവ്; കാറിനുള്ളില്‍ കുടുങ്ങിയ ഒരുവയസ്സുകാരി മകള്‍ ചൂടേറ്റ് മരിച്ചു

ലാസ്വേഗാസ്: പിതാവ് വിന്‍ഡോ ഗ്ലാസ് തകര്‍ക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു. ചില്ലുകള്‍ തകര്‍ത്ത് മകളെ പുറത്തെടുക്കാമെന്ന് പോലീസുകാര്‍ പറഞ്ഞെങ്കിലും വീണ്ടും അത് നന്നാക്കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നായിരുന്നു പിതാവിന്റെ പ്രതികരണം.

ഒക്ടോബര്‍ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. സിഡ്‌നി ഡീല്‍ എന്നയാളുടെ മകളാണ് കാറിനുള്ളില്‍ ചൂടേറ്റ് മരിച്ചത്. കാറിനകത്ത് കീ മറന്ന വച്ചെന്നും, ഗ്ലാസ് തുറക്കാന്‍ ഉടനെ ആളെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ്‌നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെട്ടു.

കുട്ടി കാറിനകത്തുണ്ടെന്നും എയര്‍കണ്ടീഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും സിഡ്‌നി പറഞ്ഞിരുന്നു. എന്നാല്‍ ഗ്ലാസ് തുറക്കാമെന്ന് പറഞ്ഞയാള്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സിഡ്‌നി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പോലീസ് സിഡ്‌നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പുതിയ കാറാണെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സിഡ്‌നി പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ പോലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു .

Exit mobile version